മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കൂരാട് പള്ളിയിൽ ദർസിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് റമദാൻ വ്രതം. അഞ്ച് വർഷത്തെ ദർസ് പഠനംകൊണ്ട് അറബി വശത്താക്കാനായത് ഇന്ന് ഞാൻ അനുഗ്രഹമായി കാണുന്നു. പല ഫത്‌വകളും പലരും ഉദ്ധരിക്കുമ്പോൾ ഇതിന്റെ യാഥാർഥ്യമെെന്തന്ന് നമുക്ക് അറിയാമല്ലോ.
നോമ്പിന് മാസം കണ്ടാൽ പരസ്പരം പറഞ്ഞറിയിക്കുന്നതാണ് പഴയ രീതി. അല്ലെങ്കിൽ കൂകി വിളിച്ചറിയിക്കും, പള്ളികളിൽ 'നഖാര' മുട്ടി അറിയിക്കുന്ന പതിവുമുണ്ട്. സമയമറിയാൻ വാച്ചും ലൗഡ് സ്പീക്കറുമൊന്നും അന്നില്ലല്ലോ! നോമ്പ് തുറക്കാൻ സമയമായെന്ന് അറിയിക്കാൻ മൂന്ന് വട്ടം കതിനവെടി മുഴക്കുന്നതും പതിവുണ്ട്. എന്നാൽ സമയമറിയാൻ ഇന്ന് പലവിധ മാർഗങ്ങൾ ഉള്ളതിനാൽ ഇന്ന് ഇത്തരം മുട്ട്‌വിളികളുടെയൊക്കെ കാലം മാറി, ടെക്‌നോളജി മാറി, അതുകൊണ്ട് തന്നെ മനുഷ്യനും മാറി.
സമൂഹത്തിലും സമുദായത്തിലും അടുത്തിടെ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ഫ്യൂഡൽ വ്യവസ്ഥയാണ് പഴയകാലം. നാട്ടുപ്രമാണിയും അവന് കീഴ്‌പ്പെടുന്ന പൗരോഹിത്യവും സാധാരണക്കാരനെ ഭരിക്കുന്നു. അതുകൊണ്ട്തന്നെ മതാചാരങ്ങളിൽ ഇന്നൊരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരം വെളുത്തിട്ട് നോമ്പാണെന്ന് അറിഞ്ഞകാലം എന്റെ കുട്ടിക്കാലത്ത് ഉണ്ടായിട്ടുണ്ട്. റമദാനിൽ ഭയഭക്തിയോടെ പള്ളിയിൽ തന്നെ ഖുർആൻ പാരായണം ചെയ്ത് പള്ളിയിൽത്തന്നെ കഴിച്ചുകൂട്ടുകയാണ് പൂർവികരുടെ പതിവ്. ഇന്ന് ഇതിനൊന്നും സമയം കണ്ടത്താൻ കഴിയില്ലല്ലോ. മനുഷ്യർ തിരക്കിലും പരക്കം പാച്ചിലിലുമാണല്ലോ ആകെ ജീവിതത്തിലുള്ളത്.
പള്ളി ദർസിൽനിന്ന് പഠിച്ചതും പിൽക്കാലത്ത് കണ്ടും കേട്ടും വായിച്ചുമുള്ള അറിവാണ് എനിക്കുള്ളത്. ഇന്ന് പരിശുദ്ധ ഖുർആനിൽ എന്ത് പറയുന്നു എന്ന് നമുക്ക് പരിഭാഷ വെച്ചു മനസ്സിലാക്കാം. അന്നു നേരെ മറിച്ചാണ്. ഓതാൻ പഠിപ്പിക്കും. അതു മതിയെന്ന് പൗരോഹിത്യം പറഞ്ഞു നമ്മളെപ്പോലത്തെ സാധാരക്കാരൻ അനുസരിച്ചു. പിന്നീട് ജനങ്ങളുടെ ബോധനിലവാരം കൂടിയതോടെ പൗരോഹിത്യത്തിനും മാടമ്പിമാർക്കും സമൂഹത്തിൽ സ്ഥാനമില്ലാതായിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചില അനഭിലഷണീയ പ്രവണതകൾ തലപൊക്കി കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
മുൻകാലത്ത് പല ദിവസങ്ങൾ പട്ടിണി തന്നെയായിരുന്നു. പതിനൊന്നു മാസം പട്ടിണികിടന്നാലും റമദാൻ മാസത്തിൽ നോമ്പ് വിഭവം സംഭരിച്ചു വെക്കാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കും. നോമ്പ് തുറക്ക് പത്തിരിയും കോഴിക്കറിയും അല്ലെങ്കിൽ ഇറച്ചിക്കറി- അതിന്റെ ടേസ്റ്റ് ഒന്ന് വേറെത്തന്നെയാണ്.
ഇന്നെത്തെ ഒരു ഷവർമ്മക്കും ആ രുചി മറികടക്കാൻ ആവില്ല. കോഴിക്കറിയിലേക്ക് പത്തിരിയാം പഥ്യം എന്നാണ് കുറച്ച് വിവരമുള്ള മാപ്പിളമാർ അന്നു പറയാറുള്ളത്. നാലണക്ക് ഇറച്ചി വീട്ടിൽകൊണ്ട് വന്നു തരാൻ പ്രത്യേക കച്ചവടക്കാർ ഉണ്ടായിരുന്നു. ക്ഷീണമകറ്റാൻ തരിക്കഞ്ഞി, മധുരമുള്ള ഒരു പൊടിച്ചായ ഇതൊക്കെയാണ് നോമ്പുതുറയിലെ നിത്യക്കാഴ്ച.
ഇന്ന് പൊരിയും കരിയും ടേബിളിൽ നിരത്തുകയാണ് ചെയ്യുന്നത്. അന്ന് ആവശ്യത്തിനാണ് ഭക്ഷണമെങ്കിൽ ഇന്ന് ഫാഷനാണ് ഭക്ഷണം. രാത്രിയിൽ കിടക്കാൻ നേരത്ത് ജീരകക്കഞ്ഞി ഉണ്ടാകും. നമ്മുടെ ഹൈന്ദവ സുഹൃത്തുക്കൾ കർക്കിടകക്കഞ്ഞി ഉണ്ടാക്കുന്നതുപോലെ ഔഷധക്കൂട്ടുള്ളതാണ് ജീരകക്കഞ്ഞിയും.
അത്താഴത്തിനു ചോറുണ്ടാകും പൊരിച്ചതും പൊള്ളിച്ചതും ഒന്നുമില്ല. പകരം മുരിങ്ങയില, ചിരങ്ങ എന്നിവ താളിച്ചുവെക്കും. കഞ്ഞിവെള്ളത്തിൽ പച്ചമുളകും ഉപ്പും കറിവേപ്പിലയുമിട്ടുണ്ടാക്കുന്ന ഈ താളിപ്പ് കറിയാണ് അത്താഴത്തിലെ കേമൻ. ഈ കറി കൂട്ടി അത്താഴം കഴിച്ചാൽ നെഞ്ചെരിച്ചിൽ, എക്കിൾ തുടങ്ങിയവ ഉണ്ടാവില്ല. ഇതൊക്കെ പൂർവികരുടെ കണ്ടെത്തലാണ്. നമ്മുടെ നാട് വിട്ടുപോയാൽ നോമ്പ്തുറയും അത്താഴവുമെല്ലാം ഒരു കഥയാണ്. എം.പിയായി ഡൽഹിയിൽ എത്തിയ കാലത്ത് അവിടെ പലഹാരങ്ങളാണ് നോമ്പ്തുറ വിഭവങ്ങൾ.
മാസപ്പിറവിയുടെ കാര്യത്തിൽ ഒരു ഏകീകൃത സ്വഭാവം നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. പരിശുദ്ധ മക്കയിൽ മാസം കണ്ടാൽ നമുക്കും നോമ്പ് ഉറപ്പിച്ചുകൂടെ, രണ്ടര മണിക്കൂർ വ്യത്യാസത്തിന്റെ കാര്യമല്ലേയുള്ളൂ. കാലോചിതമായ മാറ്റങ്ങൾ ഓരോന്നിനും വേണമെന്നാണ് എന്റെ കാഴ്ചപ്പാട്.
(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)