Sorry, you need to enable JavaScript to visit this website.

അവസാന വിമാനവും പറന്നു, കരിപ്പൂരില്‍ ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി

കൊണ്ടോട്ടി - കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ഷാര്‍ജ, ദുബായ് സെക്ടറിലേക്കുള്ള വിമാനങ്ങളാണ് എയര്‍ ഇന്ത്യ പിന്‍വലിച്ചത്. ഇന്നയിരുന്നു അവസാനത്തെ സര്‍വീസുകള്‍.
കരിപ്പൂരിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച വിദേശ സര്‍വീസുകളായിരുന്നു എയര്‍ ഇന്ത്യയുടെ ഷാര്‍ജ, ദുബായ് മേഖലയിലേക്കുള്ള സര്‍വീസ്. 1992 ഫെബ്രുവരി മുതലാണ് ഷാര്‍ജയിലേക്ക് കരിപ്പൂരില്‍നിന്ന് സര്‍വീസ് തുടങ്ങിയത്. ഇന്ത്യന്‍ എയര്‍ലെന്‍സാണ് ഈ സര്‍വീസ് നടത്തിയത്. പിന്നീട് രണ്ട് വിമാന കമ്പനികളും ലയിച്ചതോടെ സര്‍വീസ് എയര്‍ ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. രണ്ട് സെക്ടറിലേക്കും യാത്രക്കാര്‍ ഏറെയുണ്ടായിരുന്നതിനാല്‍ വിമാനങ്ങള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തയാറായിരുന്നില്ല. ചെലവ് കുറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പസ് സര്‍വീസ് നടത്തിയപ്പോഴും എയര്‍ ഇന്ത്യ ദുബായ്, ഷാര്‍ജ സെക്ടര്‍ കുത്തകയാക്കിയിരുന്നു.
സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഇപ്പോള്‍ നിര്‍ത്തലാക്കുന്നത്. എയര്‍ഇന്ത്യയുടെ 14 അന്താരാഷ്ട്ര സര്‍വീസുകളാണ് ഇതിന്റെ ഭാഗമായി രാജ്യത്ത് നിര്‍ത്തലാക്കിയത്. ഇവ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുത്തേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരിലെ ആഴ്ചയിലെ ഏഴ് സര്‍വീസുകള്‍ 10 ആക്കുക മാത്രമാണ് ചെയ്യുന്നത്.
തിരക്കേറിയ ദുബായ് , ഷാര്‍ജ സെക്ടറിലേക്ക് വിമാന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത് യാത്രക്കാര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ ദല്‍ഹി സര്‍വീസ് നേരത്തെ തന്നെ കരിപ്പൂരില്‍ നിര്‍ത്തലാക്കിയിരുന്നു. ആഴ്ചയില്‍ നാലു മുംബൈ സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യക്ക് നിലവില്‍ കരിപ്പൂരില്‍നിന്നുള്ളത്.
കരിപ്പൂരിലെ വേനല്‍ക്കാല വിമാന ഷെഡ്യൂള്‍ നാളെ മുതല്‍ ആരംഭിക്കും. എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ കുറഞ്ഞതിന് പിന്നാലെ ഓമാന്‍ എയര്‍ സര്‍വീസ് വര്‍ധിപ്പിച്ചു. ഇന്‍ഡിഗോ വിമാനം ജിദ്ദ, ദമാം മേഖലയിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയ സര്‍വീസുകളാണ് ഇന്‍ഡിഗോ പുനരാരംഭിക്കുന്നത്. വേനല്‍ക്കാല ഷെഡ്യൂളില്‍ സമയങ്ങളില്‍ ചെറിയ മാറ്റമാണ് വരുത്തിയത്.

 

 

Latest News