തിരുവനന്തപുരം - മലപ്പുറത്ത് മെസിയെക്കുറിച്ച് എഴുതിയ ഉത്തരക്കടലാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തായ സംഭവത്തിലെ അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്നും ഗൗരവമുള്ള കാര്യങ്ങളൊന്നും അതിലില്ലെന്നും വിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിനി മെസിയെക്കുറിച്ച് സ്വന്തം അഭിപ്രായമെഴുതി. അത് കലാപമുണ്ടാക്കുന്നതോ അല്ലെങ്കില്‍ പരീക്ഷയെ അട്ടിമറിക്കുന്നതോ ഒന്നുമല്ല. ആ രീതിയില്‍ തന്നെ അതിനെ കണ്ടാല്‍ മതിയെന്ന് ശിവന്‍ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മെസിയെക്കുറിച്ചുള്ള നാലം ക്ലാസ് പരീക്ഷയിലെ ചോദ്യത്തിന് മെസിയെ ഇഷ്ടമല്ലെന്നും നെയ്മര്‍ ഫാനാണെന്നും അതിനാല്‍ ഉത്തരമെഴുതില്ലെന്നും ഒരു കുട്ടി എഴുതിയിരുന്നു. മെസി മണ്ടനാണെന്ന് മറ്റൊരു കുട്ടിയും എഴുതി. ഈ രണ്ട് ഉത്തരക്കടലാസുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഡി ഡി ഇ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ അതാത് സ്‌കൂളുകളോട് വിശദീകരണവും തേടിയിട്ടുണ്ട്.