ഇടുക്കി - കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂൾ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് മുങ്ങിയ കേസിലെ പ്രതി ഭർത്താവ് വിജേഷ് പോലീസ് പിടിയിൽ. തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് പോലീസ് വിജേഷിനെ പൊക്കിയത്.
കഴിഞ്ഞ 21ന് വൈകീട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഏകമകളെ ബന്ധുവീട്ടിലെത്തിച്ച് ഭർത്താവ് വിജേഷ് ഒളിവിൽ പോകുകയായിരുന്നു.
മൃതദേഹമുണ്ടായിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിജേഷ് അയ്യായിരം രൂപയ്ക്ക് ഫോൺ വിറ്റതാണെന്ന് മനസ്സിലായത്. വിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി കേന്ദ്രീകരിച്ചുള്ള തിരിച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീ പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. 17ന് സ്‌കൂളിലെത്തിയ അനുമോൾ പിറ്റേദിവസത്തെ സ്‌കൂൾ വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയാണ് വിട്ടീലെത്തിയത്. എന്നാൽ പിന്നീട് തിരിച്ച് സ്‌കൂളിലേക്ക് ടീച്ചറെത്തിയില്ല. ശേഷം ഞെട്ടിപ്പിക്കുന്ന വാർത്തയാണ് സ്‌കൂളിനെയും നാടിനെയും കുടുംബത്തേയുമെല്ലാം തേടിയെത്തിയത്. അനുമോൾ വീടുവിട്ടു പോയെന്നാണ് ഭർത്താവ് വിജേഷ് മാതാപിതാക്കളെ അറിയിച്ചിരുന്നത്. തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയതും പൂട്ടിയിട്ട വീട്ടിൽനിന്ന് കമ്പിളിപ്പുതപ്പിൽ മറച്ച് മൃതദേഹം കിടപ്പുമുറയിലെ കട്ടിലിനടിയിൽ കണ്ടെത്തിയതും.