തിരുവനന്തപുരം-ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലില്‍ കൈക്കൊള്ളേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിച്ചേക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രിക്കും മുകളിലേക്ക് ഉയര്‍ന്നിരുന്നു. പാലക്കാട് എരിമയൂരില്‍ രേഖപ്പെടുത്തിയ 41.2 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും താപനില 40 ഡിഗ്രിക്ക് മുകളിലെത്തി. അതേസമയം ഇന്നലെ തൃശൂരില്‍ വേനല്‍ മഴയ്ക്കൊപ്പം മിന്നല്‍ ചുഴലിയുണ്ടായത് ഏറെ നാശനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു. ഇവിടെ വ്യാപകമായ കൃഷി നഷ്ടവുമുണ്ടായിട്ടുണ്ട്.