അങ്കാറ- ഖത്തർ ലോകകപ്പ് ഫുട്ബോളിലെ തോൽവി തുടർന്ന് ബ്രസീൽ. ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായ ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീലിനെ മൊറോക്കോ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തോൽവി. മൊറോക്കോയിലെ ഇബ്ൻ ബത്തൂത്ത സ്‌റ്റേഡിയത്തിലെ അരലക്ഷത്തിലേറെ വരുന്ന കാണികൾക്ക് മുന്നിലായിരുന്നു സൌഹൃദ മത്സരം. സോഫിയാൻ ബൗഫൽ, അബ്ദെൽഹാമിദ് സാബിരി എന്നിവർ മൊറോക്കോയ്ക്കായും കാസമിറോ ബ്രസീലിനായും വല ചലിപ്പിച്ചു. യുവതാരങ്ങൾക്ക് അവസരം നൽകിയാണ് ബ്രസീൽ ഇറങ്ങിയത്. ഇരുപത്തിയൊൻപതാമത്തെ മിനിറ്റിൽ ബൗഫലിലൂടെ മൊറോക്കോ മുന്നിലെത്തി. 67-ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ അസിസ്റ്റിൽ നിന്ന് കാസെമിറോ ബ്രസീലിന്റെ സമനില ഗോൾ നേടി. എന്നാൽ, 79-ാമത്തെ മിനിറ്റിൽ അബ്ദുൽഹാമിദ് സാബിരി നേടിയ ഗോളിൽ മൊറോക്കോ ജയമുറപ്പിച്ചു. റോണി, ആന്ദ്രേ സാന്റോസ് എന്നിവർ ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിച്ചു.