ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ച് വീഡിയോയിൽ പകർത്തി മുൻ പ്രവാസിയായ ഭർത്താവ് ആത്മഹത്യ ചെയ്തതാണ് ഏറ്റവും പുതിയ സോഷ്യൽ മീഡിയ സംസാരം. വാട്‌സാപ്പുകളിലും സോഷ്യൽ മീഡിയയിലും ഈ വാർത്തക്ക് ഏറെ പ്രചാരം ലഭിക്കുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ഗൾഫുകാരന്റെ കുടുംബ വിശേഷങ്ങൾക്ക് നല്ല മാർക്കറ്റാണ്. യുവതി ഓട്ടോ ഡ്രൈവര്‍ക്ക് ഒപ്പം ഒളിച്ചോടി എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്.
ആരെങ്കിലുമൊന്ന് വിളിച്ചാൻ ഇറങ്ങിപ്പോകാൻ കാത്തുനിൽക്കുകയാണ് ഗൾഫുകാരന്റെ ഭാര്യ എന്ന തോന്നലാണ് പലർക്കും. ഈ ചിത്രം കണ്ട് അയൽപക്കത്തെ ഗൾഫുകാരന്റെ ഭാര്യയിലേക്ക് നോട്ടമെറിയാം എന്നത് തന്നെയായിരിക്കണം ഈ സംഭവം ഇങ്ങിനെ പ്രചാരം നേടാൻ കാരണം.
പട്ടാളക്കാരന്റെ ഭാര്യയായിരുന്നു ഒരു കാലത്ത് പലരുടെയും പരിഹാസപാത്രം. മീശമാധവൻ എന്ന സിനിമയിൽ ജഗതി ശ്രീകുമാറിന്റെ ഭഗീരഥൻ പിള്ള എന്ന കഥാപാത്രം ഇത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഭഗീരഥൻ പിള്ള ചെറിയ വെടി ഒന്ന്, വലിയ വെടി ഒന്ന് എന്ന് ലോകം കേൾക്കെ അമ്പലത്തിലെ അനൗൺസർ വിളിച്ചുപറയുന്നത് കേട്ട് കാണികൾ പൊട്ടിച്ചിരിക്കുന്നു. നാട്ടുപ്രമാണിമാരുടെ കാമപൂർത്തീകരണ യന്ത്രങ്ങളായി പട്ടാളക്കാരന്റെ ഭാര്യമാർ വേറെയും നിരവധി സിനിമകളിൽ എത്തിയിട്ടുണ്ട്. വല്ലപ്പോഴും വീണുകിട്ടുന്ന അവധിക്ക് നാട്ടിലെത്തി അവധി തീരും മുമ്പേ തിരിച്ചുപോകേണ്ടി വരുന്ന പട്ടാളക്കാരന്റെ ഭാര്യയെ നോക്കി വെള്ളമിറക്കുന്നവർ. ആർക്കും വേണമെങ്കിലും നോക്കിവീഴ്ത്താവുന്ന തരത്തിൽ പാകമായി നിൽക്കുന്നവരാണ് ഈ സ്ത്രീകൾ എന്ന ധാരണ എന്നോ രൂഢമൂലമായിരിക്കുന്നു. സ്ത്രീ വിരുദ്ധതയുടെ ഓരം ചാരി പോയാൽ പോലും കൊടിയും ബാനറുമായി പുറത്തിറങ്ങുന്നവരാണ് സ്ത്രീ സംഘടനകൾ. എന്നാൽ ഇത്തരം അപമാന പർവ്വതീകരണത്തെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് സ്ത്രീ സംഘടനകൾക്ക് ഇതുവരെ കണ്ടിട്ടില്ല. പട്ടാളക്കാരുടെ ഭാര്യമാർ ഈ സംഘടനകളുടെ തലപ്പത്ത് എത്താത്തതണോ ഇതിന് കാരണമെന്നറിയില്ല.
പട്ടാളക്കാരന്റെ ഭാര്യയിൽനിന്ന് ഗൾഫുകാരുടെ ഭാര്യയിലേക്കാണ് ഇപ്പോഴത്തെ കണ്ണെറിയൽ. ഭർത്താവ് വരുന്നതിന്റെയും പോകുന്നതിന്റെയും കണക്ക് മുൻകൂട്ടി അറിയാമെന്നതിനാൽ അതു വരെ ഈ പെണ്ണിന് മുന്നിൽ സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശം തുറന്നുകിടക്കുകയാണെന്നും വേഗം വീഴ്ത്താൻ കഴിയുമെന്നും ഞരമ്പുരോഗികൾ വിശ്വസിക്കുന്നു.
അപവാദ പ്രചരണത്തിന്റെ ചുറ്റുവട്ടത്തിലാണ് ഗൾഫുകാരന്റെ ഭാര്യക്ക് പലപ്പോഴും ജീവിക്കേണ്ടി വരാറുള്ളത്. ആശുപത്രി, ബാങ്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഒറ്റക്കുള്ള യാത്ര പോലും ചിലരുടെ തുറിച്ചുനോട്ടങ്ങൾക്ക് മുന്നിലൂടെയല്ലാതെ നടത്താനാകില്ല. ഗൾഫുകാരന്റെ ഭാര്യയെ പറ്റി പറയുമ്പോൾ നാവിൻ അമ്പ് കൂർപ്പിച്ചുവെച്ച് വിഷം പുരട്ടിയാണ് സംസാരിക്കുക. ഗൾഫുകാരന്റെ ഭാര്യയുടെ ഒറ്റക്കുള്ള യാത്രകൾ കാമുകനെ തേടിയുള്ള സഞ്ചാരമായി ചിത്രീകരിക്കപ്പെടുന്നു.
ഇല്ലാക്കഥകളുണ്ടാക്കി പീടിക കോലായികളിൽ ചർച്ചകൾ നടത്തുന്നു. പുതുതലമുറയാകട്ടെ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് തങ്ങളുടെ ഞരമ്പുരോഗത്തിന്റെ പൂർത്തീകരണം തേടുന്നു.
ഗൾഫുകാരന്റെ ഭാര്യയെ പറ്റിയുള്ള അപവാദങ്ങൾക്ക് എന്നും വലിയ പ്രചാരണമാണ് ലഭിക്കുന്നത്. ഗൾഫുകാരന്റെ വീട്ടിൽനിന്ന് പിടികൂടിയയാളെ പോലീസെത്തി കൊണ്ടുപോകുന്നത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പറത്തിവിട്ട ഒരു സംഭവം നേരത്ത ഉണ്ടായിരുന്നു.
അറുപതു പവൻ സ്വർണാഭരണങ്ങളുമായി ഗൾഫുകാരന്റെ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയെന്ന വാർത്ത ഇതുപോലെ മാസങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് നിന്ന് വന്നിരുന്നു. രണ്ടു വയസുള്ള മകളുമായി കാമുകനോടൊപ്പമാണ് യുവതി മുങ്ങിയത് എന്നായിരുന്നു വാർത്ത. ഈ വാർത്തകളുടെയെല്ലാം തലക്കെട്ടുകൾ ഗൾഫുകാരന്റെ ഭാര്യ കാമുകനോടൊപ്പം മുങ്ങി എന്നായിരിക്കും.
മാസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന ഭാര്യയെ നേരം വെളുത്തപ്പോൾ കാണാനില്ലെന്ന സംഭവം പുറത്തുവന്നിരുന്നു. ഭർത്താവിനൊപ്പം കിടന്നുറങ്ങിയ നവവധുവിനെ കാണാതായ വാർത്തയും മാസങ്ങൾക്ക് മുമ്പ് കാസർക്കോട് നിന്ന് വന്നിരുന്നു. ഈ വാർത്തയുടെ തലക്കെട്ടിലോ വാർത്തയുള്ള ഉള്ളിലെവിടെയെങ്കിലും ഭർത്താവിന്റെ ജോലിയെ പറ്റിയുള്ള വിശദീകരണങ്ങളൊന്നുമുണ്ടായിന്നില്ല.
അധ്യാപകന്റെ/സിനിമ നടന്റെ/കൂലിപ്പണിക്കാരന്റെ/പത്രപ്രവർത്തകന്റെ/രാഷ്ട്രീയക്കാരന്റെ ഭാര്യ ചാടിപ്പോയി എന്ന വാർത്ത എവിടെയും വരുന്നില്ല. ഗൾഫുകാരന്റെ ഭാര്യക്ക് തന്നെയാണ് എന്നും കമ്പോള മൂല്യം.
അവിഹിത ബന്ധങ്ങളുണ്ടാകുന്നത് ഗൾഫുകാരന്റെ വീട്ടിൽ മാത്രമല്ല. സമൂഹത്തിന്റെ എല്ലാ തലത്തിലും അവിഹിത ബന്ധങ്ങളുണ്ടാകുന്നുണ്ട്. ഏതെങ്കിലും ഒരു മേഖലയിൽ മാത്രം നടക്കുന്ന തീരെ ചെറിയ ശതമാനം വരുന്ന വേലിച്ചാട്ടങ്ങളെ പർവ്വതീകരിച്ച് ഒരു സമൂഹത്തെയാകമാനം അപമാനിക്കുന്ന രീതിക്ക് എന്നാണ് മാറ്റം വരിക. എല്ലാ ഗൾഫുകാരുടെയും ഭാര്യമാർ മോശമാണെന്നുള്ള ധാരണ പരത്തുന്നതിന് വേണ്ടിയുള്ള നീക്കമാണ് നടത്തുന്നത്. ഏതെങ്കിലും ഒരിടത്ത് ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ഇക്കാര്യങ്ങൾ എന്തിനാണ് പർവ്വതീകരിച്ച് കാണിക്കുന്നത്.
ചുറ്റുവട്ടത്തിലേക്ക് ഒളിഞ്ഞുനോക്കുക എന്നത് മലയാളിയുടെ ഞരമ്പുരോഗങ്ങളിലൊന്നാണ്. ഇത്തരം ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യുന്നവരുടെ ഉള്ളിലൊരു ഞരമ്പുരോഗം ഒളിഞ്ഞുകിടക്കുന്നുണ്ടാകും. ഇതിന് ചികിത്സ ആവശ്യവുമാണ്. അയൽപക്കത്തെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കി അവിടെയുള്ള ഓരോന്നും പുറംലോകത്തെത്തിച്ചെങ്കിൽ മാത്രമേ ചിലർക്ക് തൃപ്തിവരാറുള്ളൂ. ഒളിഞ്ഞുനോക്കുന്നവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുക എന്ന് പ്രവാചകന്റെ ഒരു കൽപനയുണ്ട്. ഒരു വിരൽ മറ്റുള്ളവരിലേക്ക് ചൂണ്ടുമ്പോൾ ബാക്കി വിരലുകളെല്ലാം സ്വന്തത്തിലേക്ക് തിരിഞ്ഞുനിന്ന് പരിഹസിക്കുന്നുവെന്നാരുമറിയുന്നില്ല. ഇത് അറിയുന്നവർ തന്നെയാണ് ഇത്തരം ഒളിഞ്ഞുനോട്ടത്തിന്റെ ആഗോള കച്ചവടക്കാരും. ഒരു വിഭാഗത്തെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾക്ക് ഉടൻ ചികിത്സ അത്യാവശ്യമാണ്.
ഒളിച്ചോട്ടങ്ങളിൽ പെണ്ണ് മാത്രമാണ് മിക്ക നേരങ്ങളിലും കുറ്റക്കാരി. പെണ്ണിനെ തിരിഞ്ഞുനോക്കാത്ത ഭർത്താക്കൻമാരോ സമാധാനം നൽകാത്ത കുടുംബാംഗങ്ങളോ സംശയത്തിന്റെ തീക്കണ്ണുകളെറിയുന്ന സമൂഹമോ ഒന്നും പ്രതിസ്ഥാനത്ത് വരുന്നതേയില്ല. സ്‌നേഹത്തോടെയുള്ള ഒരു സംസാരം പോലും ഭാര്യയോട് കാണിക്കുന്നില്ല. ഫോണിൽ എപ്പോഴെങ്കിലും ബിസി ടോൺ കേട്ടാൽ സംശയത്തിന്റെ ഒരായിരം ചോദ്യങ്ങൾ ചോദിക്കുന്ന ഭർത്താവ്. പരസ്പരവിശ്വാസത്തിന്റെ കെട്ട് പൊട്ടിപ്പോകുമ്പോഴാണ് കുടുംബജീവിതം തകർച്ചയുടെ പാതാളത്തിലേക്ക് ആഴ്ന്നുപോകുന്നത്. ഈ പാതാളത്തിൽനിന്ന് തിരിച്ചുവരണമെങ്കിൽ മനസ് തുറന്നുള്ള സംസാരങ്ങൾ ദമ്പതികൾക്കിടിയിലുണ്ടായേ മതിയാകൂ. സ്‌നേഹം തുടിക്കുന്ന വാക്കുകളുടെ മഹാപ്രവാഹത്തിന് തുടക്കമിടുക.