തിരുവനന്തപുരം- പ്രണയത്തില്‍ നിന്നും പിന്മാറിയ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ 20കാരനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ക്കല സ്വദേശിനി തെറ്റിക്കുളം കുളക്കോട്ടി പൊയ്ക സംഗീത നിവാസിലെ സംഗീത (17)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മുന്‍ കാമുകന്‍ ഗോപു (20)വിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2022 ഡിസംബര്‍ 28ന് സംഗീതയുടെ വീടിനു സമീപത്താണ് ഗോപു കൊലപാതകം നടത്തിയത്. ഗോപുവുമായുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് സംഗീത പിന്മാറിയതാണ് കൊലപാതകത്തിന് കാരണം. മാത്രമല്ല ഇരുവരും പിരിഞ്ഞതിനു ശേഷം മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും അഖില്‍ എന്ന പേരില്‍ ഗോപു സംഗീതയോട് പ്രണയാഭ്യര്‍ഥന നടത്തുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളുമായി സംഗീത അടുക്കുന്നതും തന്നെ കുറിച്ച് പറഞ്ഞ വാക്കുകളും ഗോപുവിന്റെ വൈരാഗ്യം വര്‍ധിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
സംഭവ ദിവസം സംഗീതയോട് വൈകാരികമായി സംസാരിച്ച ഗോപു വീടിനു സമീപത്തെ ഇടവഴിയില്‍ വരാന്‍ ആവശ്യപ്പെടുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയും ചെയ്തുവെന്നാണ് കേസ്.