കൊച്ചി- മൂന്ന് നൂറ്റാണ്ട് കാലത്തേക്ക് രാജ്യത്തിനു ഉപയോഗിക്കാവുന്ന വന്‍ പ്രകൃതി വാതക ശേഖരം കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ കണ്ടെത്തി. കൊച്ചി തീരം, കൃഷണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യൂബിക് അടി ഹൈഡ്രേറ്റ് വാതക ശേഖരം അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെയാണ് കണ്ടെത്തിയത്. ഈ ശേഖരത്തിന്റെ മൂന്നിലൊന്നും കൊച്ചി തീരത്താണ്. പുതിയ കണ്ടെത്തലോടെ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ ഹൈഡ്രേറ്റ് വാതക ശേഖരം ഇന്ത്യയിലായി. കടലിനടയില്‍ ഐസിന്റെ രൂപത്തില്‍ നിലകൊള്ളുന്ന ഹൈഡ്രേറ്റ് വാതകം ഖനനം ചെയ്‌തെടുത്ത് വാണിജ്യാവശ്യങ്ങള്‍ക്കു ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാനിരിക്കുകയാണ് ഇന്ത്യ. കടലിനടിയില്‍ കടല്‍ജലവും പ്രകൃതിവാതകവും ചേര്‍ന്നുള്ള ഐസ് പാളികളായാണ് ഗ്യാസ് ഹൈഡ്രേറ്റ് കാണപ്പെടുന്നത്. അമേരിക്കയിലെ ഷെയ്ല്‍ വാതക ശേഖരത്തിനു സമാനമാണിത്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വ്യവസായിക ആവശ്യങ്ങള്‍ക്കും പുറമെ വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന ഇന്ധനമായും ഈ പ്രകൃതി വാതകത്തെ രൂപപ്പെടുത്താനാകും. ഇതുല്‍പ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമല്ല. അമേരിക്ക, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.
കേന്ദ്ര പൊതുമേഖലായ ഇന്ധന ഖനന കമ്പനിയായ ഒഎന്‍ജിസി, അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേര്‍ന്ന് ഈ ഹൈഡ്രേറ്റ് വാതകം കുഴിച്ചെടുക്കുന്നതിനിള്ള സാങ്കേതിക വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഗെയില്‍, ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഓയില്‍ ഇന്‍ഡസ്ട്രീ ഡെവലെപ്‌മെന്റ് ബോര്‍ഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ചെലവ് വഹിക്കും. ഇതിനായി 200 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം തന്നെ ഖനനം തുടങ്ങാനുള്ള തയാറെടുപ്പുകളാണ് നടന്നു വരുന്നത്. മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഹൈഡ്രേറ്റ് വാതക ഗവേഷണങ്ങള്‍ക്കായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന് ഒഎന്‍ജിസി അറിയിച്ചു. ആന്ധ്ര പ്രദേശിലെ കൃഷ്ണ-ഗോദാവരി തടത്തിലായിരിക്കും ഖനനം തുടങ്ങുക. പിന്നീടായിരിക്കും കൊച്ചി തീരത്തെ പര്യവേക്ഷണം.