മഞ്ചേരി- പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയെക്കൊണ്ട് വ്യാജപരാതി കൊടുപ്പിക്കുകയും ചെയ്തുവെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. ഗായകൻ തിരൂർ നിറമരുതീർ പാണക്കാട് വീട്ടിൽ മുഹമ്മദ് അൻസാറി (22) നെയാണ് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ്ജയിലിലയച്ചത്.
ഇക്കഴിഞ്ഞ മാർച്ച് പത്തിന്, തന്നെ മൂന്നംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തുവെന്നും പീഡന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതി നൽകുകയായിരുന്നു. പകൽ 11.30ന് താൻ ഊരകം പഞ്ചായത്തുപടി വഴിയിൽ നടന്നു പോകവെ കലുങ്കിൽ മദ്യപിച്ചിരിക്കുകയായിരുന്ന ഒരു മലയാളിയും രണ്ടു ബംഗാൾ സ്വദേശികളും തന്നെ വാഴത്തോട്ടത്തിലൂടെ പിടിച്ചു കൊണ്ടുപോവുകയും മോട്ടോർപുരയുടെ അടുത്തുള്ള ഗേറ്റിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. ഫിംഗർപ്രിന്റ് വിദഗ്ധരെത്തി വിരലടയാളങ്ങൾ പരിശോധിച്ചു. ഇതോടെ പരാതി വ്യാജമാണെന്നു തെളിഞ്ഞു. എന്നാൽ പരാതിക്കാരിയെ പരിശോധിച്ച ഡോക്ടർ, കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അൻസാറിന്റെ പ്രേരണ മൂലമാണ് കുട്ടി പരാതി നൽകിയതെന്നു കണ്ടെത്തിയത്.
2022 മാർച്ച് മാസത്തിലാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. കുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം സ്‌കൂളിൽ പ്രോഗ്രമിനായി എത്തിയതായിരുന്നു മാപ്പിളപ്പാട്ട് ഗായകനായ പ്രതി. ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും തുടർന്ന ബന്ധം പ്രണയമാവുകയുമായിരുന്നു.
ഇതിനിടെ കുട്ടിയെ പലതവണ മലപ്പുറത്ത് കോട്ടക്കുന്നിലും ശാന്തിതീരം പാർക്കിലും കൊണ്ടുവന്ന പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിലുണ്ടായ ക്ഷതങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയും ഇത് പ്രശ്നമാകുകയും ചെയ്ത പ്രതി കാണിച്ച അതിബുദ്ധിയാണ് അയാൾക്കു തന്നെ വിനയായത്. കോട്ടക്കൽ പറപ്പൂരിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന പ്രതിയെ ഇക്കഴിഞ്ഞ 21നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് യു. കൃഷ്ണനുണ്ണി ഏപ്രിൽ മൂന്നുവരെ റിമാന്റ് ചെയ്യുകയായിരുന്നു.