തൃശൂര്‍ - കുടുംബ വഴക്ക് കത്തിക്കുത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചേലക്കരയിലെ പരക്കാടാണ് സംഭവം നടന്നത്. കോട്ടയം സ്വദേശി ജോര്‍ജാണ് (60) കുത്തേറ്റ് മരിച്ചത്. തമിഴ്‌നാട് സ്വദേശി പളനിസ്വാമി, ഇയാളുടെ മകന്‍ സുധാകരന്‍ എന്നിവര്‍ക്കാണ് കത്തിക്കുത്തില്‍ പരിക്കേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. . മൂന്ന് പേരും പരക്കാടാണ് താമസിക്കുന്നത്. ജോര്‍ജിന്റെ ബന്ധുവിനെയാണ് സുധാകരന്‍ വിവാഹം കഴിച്ചത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ജോര്‍ജും സുധാകരനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്. ഇന്നലെ ജോര്‍ജ് കത്തിയുമായി പളനിസ്വാമിയും സുധാകരനും താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. ഇവര്‍ തമ്മിലുള്ള വഴക്കിനിടെ റോഡില്‍ വെച്ച് ജോര്‍ജ് പളനിസ്വാമിയെ കത്തികൊണ്ട് കുത്തി. പിന്നീട് സുധാകരനും കുത്തേറ്റു. ഇവര്‍ തിരിച്ച് നടത്തിയ ആക്രമണത്തില്‍ ജോര്‍ജിന് കുത്തേല്‍ക്കുകയായിരുന്നു. മൂവ്വരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജോര്‍ജ് മരണമടഞ്ഞിരുന്നു. ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.