Sorry, you need to enable JavaScript to visit this website.

ദോഹയിൽ കെട്ടിടം വീണു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

ദോഹ- ഖത്തറിലെ മൻസൂറയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണുമരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കാസർക്കോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് കണ്ടെത്തി. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ എന്നിവരാണ് നേരത്തേ മരിച്ചത്.

ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും അഷ്‌റഫിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നുഇന്നലെ വൈകുനേരത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. വിദ്യാർഥികളായ റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച?യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു. ഇതിന് പുറമേ രണ്ട് ഇന്ത്യക്കാർ കൂടി മരണപെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.ജർഖഡിൽ നിന്നുള്ള ആരിഫ് അസിസ് മുഹമ്മദ് ഹുസൈൻ, ആന്ധ്രായിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവർ മരിച്ചിരുന്നു.
 

Latest News