ദുബായ്- റമദാനില്‍ വില നിയന്ത്രണവുമായി യു.എ.ഇ. ചിക്കന്‍, മുട്ട എന്നിവക്ക് വില കൂടിയത് ആളുകളില്‍ ആശങ്ക ജനിപ്പിച്ചിരുന്നു. എന്നാല്‍ അവശ്യവസ്തുക്കള്‍ക്കു വില വര്‍ധിക്കുമെന്ന ആശങ്ക വേണ്ടെന്നു സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. റമദാന്‍ കാലത്ത് അടിസ്ഥാന അവശ്യ സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വില കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. വിപണിയില്‍ വില സ്ഥിരത ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
13 ശതമാനമാണ് കോഴിക്കും മുട്ടക്കും വില വര്‍ധിച്ചത്. ഇതു താല്‍ക്കാലികമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിത്തീറ്റക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കുമുണ്ടായ 40 ശതമാനം വില വര്‍ധനയും ഫാമുകളുടെ നടത്തിപ്പ് ചെലവും പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയത്. ഉല്‍പാദന ചെലവ് കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ വില വര്‍ധന പുനപ്പരിശോധിക്കും.
വ്യത്യസ്ത കമ്പനികളുടെ അവശ്യ സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്നും വിലക്കുറവുള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല സുല്‍ത്താന്‍ അല്‍ശാംസി അറിയിച്ചു.