അൽ ഖസീം- ഈത്തപ്പഴം കഴുകി മാത്രം ഭക്ഷിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈന്തപ്പഴ കർഷകർ തെളിക്കുന്ന അണുനാശിനികളുടെ അംശങ്ങളും ചെറു ജീവികൾ പ്രാണികൾ എന്നിവയും അവയുടെ ലാർവകളുമെല്ലാം ചൂടുവെള്ളം കഴുകി ഉപയോഗിക്കുന്നതിലൂടെ ശുദ്ധീകരിക്കാനാകും. പരിശുദ്ധ റമദാൻ വന്നതോടെ ഈത്തപ്പഴ മാർക്കറ്റുകളിൽ വൻ വിൽപനയാണ് നടക്കുന്നത്. സ്വദേശികളും വിദേശികളുമായ ആളുകളെല്ലാം നോമ്പു തുറക്കുന്നത് ഈത്തപ്പഴമോ കാരക്കയോ ഭക്ഷിച്ചാണ്. വിളവെടുപ്പ് സമയത്ത് വലിയ വിലക്കുറവിൽ ലഭിക്കുന്ന ഈത്തപ്പഴങ്ങൾ അത്യാവശ്യ ഉപയോഗത്തിനു ശേഷം റമാദനിൽ ഉപയോഗിക്കാൻ സൂക്ഷിച്ചു വെക്കുന്നത് അറബികളുടെ രീതിയാണ്. പഴുത്ത ഈത്തപ്പഴം ഫ്രീസ് ചെയ്‌തോ ഉണക്കിയോ സൂക്ഷിച്ചു വെക്കുന്നതാണ് ഏറ്റവും പ്രചാരത്തിലൂള്ളത്. ഈത്തപ്പഴം ഫ്രോസൺ ആയി സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ചെറുജീവികൾ വളരാതിരിക്കാനും കേടുവരാതിരിക്കാനും കൂടുതൽ നല്ലത് അതാണ്. പരമാവധി തണുപ്പിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. തണുപ്പിൽ സൂക്ഷിക്കുന്നത് പരമാവധി മൂന്നു മാസത്തിനുള്ളിലും ഫ്രീസ് ചെയ്ത ഈത്തപ്പഴവും ഉണക്കിയ കാരക്കയും ഒരു വർഷം വരെയും സുരക്ഷിതമായി ഉപയോഗിക്കാം.