റിയാദ് - ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിന്റെ ഫൈനലിൽ ഖുർആൻ പാരായണ വിഭാഗത്തിൽ ഹോളിവുഡ് തിരക്കഥാകൃത്തായ യാസിർ ഉസ്മാൻ ശാഹീനും പങ്കെടുക്കുന്നു. ഫലസ്തീൻ വംശജനായ യാസിർ ശാഹീൻ വ്യത്യസ്തമായ പ്രകടനത്താലും ഇമ്പമാർന്ന ശബ്ദത്താലും പ്രേക്ഷകരെയും ശ്രോദ്ധാക്കളെയും ഖുർആനിക സൗന്ദര്യത്തിന്റെ ഉന്നത വിഹായസ്സുകളിലേക്ക് ആനയിച്ചു. ഹോളിവുഡിന്റെ പിന്നണിയിൽ ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണത്തിനും സ്‌ക്രിപ്റ്റുകൾ എഴുതുന്നതിനും ഇടയിൽ ഇടകലർന്നാണ് തന്റെ ജീവിതം മുന്നോട്ടുപോകുന്നതെന്ന് യാസിർ ശാഹീൻ മലയാളം ന്യൂസിനോട് പറഞ്ഞു. 130 ലധികം ടി.വി പ്രോഗ്രാമുകളുടെ നിർമാണത്തിന് താൻ മേൽനോട്ടം വഹിക്കുകയും 14 ഡോക്യുമെന്ററികൾ നിർമിക്കുകയും ചെയ്തു. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ ടെലിവിഷൻ ചാനലുകളിൽ നിരവധി പ്രോഗ്രാമുകളിലും താൻ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
അക്കാദമിക് ജോലിയും നിർവഹിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ സാൻ ജോസ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ നിരവധി ഖുർആൻ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതുവഴിയാണ് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മത്സരത്തിലെത്തിയതെന്ന് യാസിർ ശാഹീൻ പറഞ്ഞു.
അറബ് വംശജരായ പല അമേരിക്കക്കാരും പ്രവേശിക്കാത്ത മേഖലകളിൽ യാസിർ ശാഹീൻ പ്രവേശിക്കുകയും അന്താരാഷ്ട്ര അനുഭവങ്ങൾ നേടുകയും ചെയ്തു. ഇത് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ടെക്‌സാസിലെ ഡാളസിലെ പള്ളികളിൽ മുസ്‌ലിം കുടുംബങ്ങളിലെ കുട്ടികളെ ഖുർആൻ സൂക്തങ്ങളും പാരായണ നിയമങ്ങളും പഠിപ്പിക്കാൻ ജീവിതത്തിന്റെ പ്രധാന ഭാഗം യാസിർ നീക്കിവെച്ചു.
ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് 'ഉത്‌റുൽകലാം' എന്ന് പേരിട്ട പരിപാടി. ഇത്തവണ 165 രാജ്യങ്ങളിൽ നിുള്ള 50,000 ലേറെ പേർ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഓൺലൈൻ രജിസ്‌ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്‌സ് ക്ലിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യലുമാണ് പൂർത്തിയായത്. ജഡ്ജിംഗ് കമ്മിറ്റികൾ വോയ്‌സ് ക്ലിപ്പിംഗുകൾ പരിശോധിച്ച് മത്സരാർഥികളിൽ നിന്ന് യോഗ്യരായവരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. രണ്ടാം ഘട്ടത്തിൽ മത്സരാർഥികൾ പുതിയ വോയ്‌സ് ക്ലിപ്പിംഗുകൾ സമർപ്പിച്ചു. ഇവ വിലയിരുത്തിയാണ് മൂന്നാം ഘട്ടത്തിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികൾ തെരഞ്ഞെടുത്തത്. മൂന്നാം ഘട്ടത്തിൽ നിന്ന് ഏറ്റവും മികച്ച മത്സരാർഥികളെ ഫൈനൽ ആയ നാലാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. വിശുദ്ധ റമദാനിൽ സൗദിയിൽ നടക്കുന്ന ഫൈനൽ മത്സരം എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ (32 ലക്ഷം ഡോളർ) സമ്മാനമായി വിതരണം ചെയ്യും. ഖുർആൻ പാരായണ മത്സരത്തിൽ അമ്പതു ലക്ഷം റിയാൽ, ഇരുപതു ലക്ഷം റിയാൽ, പത്തു ലക്ഷം റിയാൽ, അഞ്ചു ലക്ഷം റിയാൽ എന്നിങ്ങിനെയും ബാങ്ക് വിളി മത്സരത്തിൽ ഇരുപതു ലക്ഷം റിയാൽ, പത്തു ലക്ഷം റിയാൽ, അഞ്ചു ലക്ഷം റിയാൽ, രണ്ടര ലക്ഷം റിയാൽ എന്നിങ്ങിനെയും ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് പ്രൈസുകൾ ലഭിക്കും. ലോകത്ത് ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ ഏറ്റവും ഉയർ സമ്മാനത്തുക നൽകുന്ന മത്സരങ്ങളാണ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്നത്.