റിയാദ് - സ്ഥാപിതമായി രണ്ടു വർഷത്തിനകം ഫിഫ റാങ്കിംഗിൽ ഇടം നേടി സൗദി ദേശീയ വനിതാ ഫുട്‌ബോൾ ടീം ചരിത്രം കുറിച്ചു. കഴിഞ്ഞ കായലളവിൽ മികച്ച നേട്ടങ്ങളും ദ്രുതഗതിയിലുള്ള വളർച്ചയും കൈവരിച്ചതാണ് വളരെ കുറഞ്ഞ സമയത്തിനകം ഫിഫ റാങ്കിംഗിൽ ഇടം നേടാൻ സൗദി വനിതാ ടീമിനെ സഹായിച്ചത്. 2021 ൽ സ്ഥാപിതമായ ശേഷം സൗദി വനിതാ ടീം ഒമ്പതു മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഈ വർഷാദ്യം സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ആദ്യ വനിതാ സൗഹൃദ ടൂർണമെന്റിൽ സൗദി ടീം കിരീടം നേടിയിരുന്നു. ഫിഫയുടെയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെയും അംഗീകൃത ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിക്കും വിധം അന്താരാഷ്ട്ര ക്ലാസിഫിക്കേഷനിൽ സീറ്റ് ഉറപ്പാക്കാൻ ഇത് സൗദി ടീമിനെ സഹായിച്ചു.
ഒന്നര വർഷത്തിനുള്ളിൽ സൗദി ദേശീയ വനിതാ ടീം താരങ്ങൾ കൈവരിച്ചത് വലിയ നേട്ടമാണെന്ന് സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റും ഫിഫ കൗൺസിൽ അംഗവുമായ യാസിർ അൽമിസഹൽ പറഞ്ഞു. സ്‌പോർട്‌സ് മേഖലക്ക് പൊതുവിലും ഫുട്‌ബോളിന് വിശിഷ്യായും ഭരണാധികാരികൾ സമീപ കാലത്ത് നൽകുന്ന വലിയ ശ്രദ്ധയുടെ പരിസമാപ്തിയാണ് ഈ ചരിത്രമുഹൂർത്തമെന്നും യാസിർ അൽമിസഹൽ പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച നിലവാരത്തിൽ ഫിഫ റാങ്കിംഗിൽ പ്രവേശിച്ച് ദേശീയ വനിതാ ടീം ചരിത്രം സൃഷ്ടിച്ചതായി സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗവും വനിതാ ഫുട്‌ബോൾ മാനേജ്‌മെന്റ് സൂപ്പർവൈസർ ജനറലുമായ ലംയാ ബിൻത് ഇബ്രാഹിം പറഞ്ഞു. ദേശീയ വനിതാ ടീമിലെ സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെ മികച്ച സേവനങ്ങളെ പ്രശംസിച്ച ലംയാ ബിൻത് ഇബ്രാഹിം, കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ വരും കാലത്ത് ശ്രമങ്ങൾ ഊർജിതമാക്കേണ്ടത് പ്രധാനമാണെന്നും പറഞ്ഞു.