മക്ക - റമദാനിൽ ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഓരോരുത്തർക്കും ഒരു തവണ ഉംറ കർമം നിർവഹിക്കാൻ അവകാശമുണ്ട്. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരമൊരുക്കാൻ ശ്രമിച്ച് ഉംറ ആവർത്തിക്കാൻ ആരെയും അനുവദിക്കില്ല. റമദാനിൽ ഒരു തവണ മാത്രം ഉംറ നിർവഹിക്കുന്നത് മറ്റുള്ളവർക്ക് സമാധാനത്തോടെയും അനായാസമായും ഉംറ നിർവഹിക്കാൻ അവസരമൊരുക്കും.
ഉംറ കർമം നിർവഹിക്കാൻ നുസുക് ആപ്പ് വഴി പെർമിറ്റ് നേടൽ നിർബന്ധമാണ്. പെർമിറ്റിൽ നിർണയിച്ച സമയം കൃത്യമായി പാലിക്കുകയും വേണം. ഉംറ കർമം നിർവഹിക്കാൻ പെർമിറ്റിൽ നിർണയിച്ച സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ പെർമിറ്റിൽ നിശ്ചയിച്ച സമയമാകുന്നതിനു മുമ്പായി നുസുക് ആപ്പ് വഴി പെർമിറ്റ് റദ്ദാക്കി പുതിയ പെർമിറ്റ് നേടാവുന്നതാണ്. അപ്പോയിന്റ്‌മെന്റുകൾ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ബുക്കിംഗിനായി ഒരു അപ്പോയിന്റ്‌മെന്റ് കണ്ടെത്തിയില്ലെങ്കിൽ പിന്നീട് സെർച്ച് ആവർത്തിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.