മലപ്പുറം - ' ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല' . നാലാം ക്ലാസുകാരി റിസ ഫാത്തിമയ്ക്ക് പരീക്ഷയില്‍ മാര്‍ക്ക് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, മെസിയെക്കുറിച്ച് എന്തെങ്കിലും എഴുതുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. നെയ്മറെക്കുറിച്ച് ഒന്ന് ചോദിച്ചു നോക്കട്ടെ, റിസ ഫാത്തിമ എത്ര വേണമെങ്കിലും എഴുതും. തിരൂര്‍ പുതുപ്പള്ളി ശാസ്താ എ.എല്‍.പി സ്കൂളിലെ നാലാം ക്ലാസുകാരി റിസ ഫാത്തിമയുടെ മലയാളം വാര്‍ഷിക പരീക്ഷയിലെ ഉത്തരക്കടലാസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്നലെ നടന്ന മലയാളം വാര്‍ഷിക പരീക്ഷയിലെ ഉത്തരക്കടലാസിലാണ് മെസിയെപ്പറ്റി ഒന്നും എഴുതൂലായെന്ന് റിസ വാശിപിടിച്ചത്.
മലയാളം പരീക്ഷയ്ക്ക് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനയി നല്‍കിയത് അര്‍ജന്റീന സൂപ്പര്‍ താരം മെസിയെക്കുറിച്ചുള്ള ചോദ്യമാണ്. മെസിയെക്കറിച്ച് എഴുതുമ്പോള്‍ ചേര്‍ക്കാനുള്ള വിവരങ്ങളും ചോദ്യക്കടലാസില് തന്നെ നല്‍കിയിരുന്നു. അതൊന്ന് ക്രമത്തിലാക്കി എഴുതുകയേ വേണ്ടൂ. കുട്ടികളില്‍ പലരും മെസിയെക്കുറിച്ച് നന്നായിത്തന്നെ എഴുതിയെങ്കിലും ബ്രസീലിന്റെയും നെയ്മറിന്റെയും കടുത്ത ആരാധികയായ റിസ ഫാത്തിമയ്ക്ക് ഈ ചോദ്യം തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഞാല് എഴുതൂലായെന്നും നെയ്മറിനെയാണ് ഇഷ്ടമെന്നുമൊക്കെ ഉത്തരക്കടലാസില്‍ നിഷ്കളങ്കമായി എഴുതി വെച്ചത്. കുട്ടികളുടെ ഉത്തരക്കടലാസ് പരിശോധിക്കുമ്പോഴാണ് അധ്യാപകനായ റിഫാ ഷാലിസ് ഈ രസകരമായ ഉത്തരം കണ്ടത്. ഉടന്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലായി.