തിരുവനന്തപുരം- വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍മാണത്തിന് അദാനി ഗ്രൂപ്പിന് നല്‍കാന്‍ സര്‍ക്കാരിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 550 കോടി രൂപ വായ്പനല്‍കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.വെള്ളിയാഴ്ച സഹകരണ, തുറമുഖ വകുപ്പ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായി. പലിശ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒന്‍പത് ശതമാനത്തിലധികമായിരിക്കും പലിശനിരക്കെന്നാണ് സൂചന. വൈകാതെത്തന്നെ തുക നല്‍കാനാണ് സെക്രട്ടറിതല ചര്‍ച്ചയിലെ തീരുമാനം.
347 കോടി രൂപ തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ (പുലിമുട്ട്) നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനുനല്‍കും. 103 കോടി റെയില്‍പ്പാത നിര്‍മാണത്തിന്റെ സ്ഥലമേറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിനും 100 കോടി ഭൂഗര്‍ഭ റെയില്‍പ്പാത നിര്‍മാണത്തിന് കൊങ്കണ്‍ റെയിലിനും നല്‍കും.
ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന്റെ 30 ശതമാനത്തിലധികം പണി പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് 400 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പലതവണ കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിഴിഞ്ഞം പദ്ധതിക്ക് 3400 കോടി രൂപ ഹഡ്‌കോയില്‍നിന്ന് വായ്പയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ തുടങ്ങി. വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. എട്ട് ശതമാനത്തില്‍ക്കൂടാതെയുള്ള പലിശയ്ക്ക് ഹഡ്‌കോ വായ്പ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അത് ലഭിച്ചാല്‍ സഹകരണബാങ്ക് വായ്പ തിരിച്ചടയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.
തുറമുഖനിര്‍മാണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞേ നടത്തിപ്പ് സര്‍ക്കാരിലേക്കെത്തൂ. അതിനാല്‍ ഹഡ്‌കോയില്‍നിന്ന് വായ്പയെടുത്താല്‍ 16 വര്‍ഷംകഴിഞ്ഞ് തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശമാത്രം നല്‍കിയാല്‍ മതിയാകും.
ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നല്‍കാനുള്ള 417 കോടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നും തുറമുഖ വകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കപ്പലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.