Sorry, you need to enable JavaScript to visit this website.

താല്‍ക്കാലിക ആശ്വാസം ; കേരളത്തില്‍ ജൂണ്‍ 30 വരെ വൈദ്യുതി ചാര്‍ജ് കൂട്ടില്ല

തിരുവനന്തപുരം - സംസ്ഥാനത്ത് ജൂണ്‍ 30 വരെ വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടതില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തീരുമാനം. ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 41 പൈസയുടെ വര്‍ധന വേണമെന്ന് കെ..എസ്.ഇ ബി വെദ്യുതി റെഗുലേറ്ററി കമ്മീഷന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് റഗുലേറ്ററി കമ്മീഷന്റെ തീരുമാനം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഇപ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉള്‍പ്പെടെ 6.19 ശതമാനത്തിന്റെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇത് കമ്മിഷന്‍ അംഗീകരിച്ചാല്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും. ഇതോടെ പാചക വാതക വില വര്‍ധനയിലും പെട്രോള്‍, ഡീസല്‍ സെസിലും ഇപ്പോള്‍ ഇടിവെട്ടേറ്റ പോലെ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ പാമ്പു കൂടി കടിയ്ക്കുന്ന അവസ്ഥയിലാകും.
2022 മുതല്‍ 2025 വരെയുള്ള റവന്യൂ കമ്മി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചെങ്കിലും 2023 മാര്‍ച്ച് 31 വരെയുള്ള നിരക്ക് വര്‍ധന മാത്രമേ നേരത്തെ റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചിരുന്നുള്ളൂ. 2025 വരെയുള്ള നിരക്ക് വര്‍ധന ഒറ്റയടിക്ക്് പ്രഖ്യാപിക്കണമെന്ന് ബോര്‍ഡ് അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോര്‍ഡ് നല്‍കുന്ന താരിഫ് പെറ്റീഷന്‍ അനുസരിച്ച് 2023 ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു കമ്മിഷന്‍ തീരുമാനം. ഇപ്പോള്‍ ഇതിനായി വൈദ്യുതി ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് യൂണിറ്റിന് 41 പൈസയുടെ വര്‍ധന ആവശ്യപ്പെടുന്നത്. നിലവിലുളള നിരക്കിന്റെ 6.19 ശതമാനം അധികമാണിത്.
ഇത് അംഗീകരിച്ചാല്‍ 1044 കോടി രൂപ ഈ നിരക്ക് വര്‍ധനയിലൂടെ ലഭിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍ 2023-24 സാമ്പത്തിക വര്‍ഷം 2939 കോടി രൂപയാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച ബോര്‍ഡിന്റെ റവന്യൂ കമ്മി. അതിനാല്‍ ബോര്‍ഡിന്റെ ആവശ്യം വലിയ പരിധി വരെ കമ്മിഷന്‍ അംഗീകരിക്കാനുള്ള സാധ്യത കൂടുതലാണ്.. ബോര്‍ഡിന്റെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിച്ചാല്‍ സംസ്ഥാനത്തെ കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും. ഇപ്പോള്‍ 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ 3.15 രൂപയാണ് യൂണിറ്റിന് നല്‍കേണ്ടത്. ഈ വിഭാഗത്തിലുള്ളവരെ നിരക്ക് വര്‍ധനയില്‍ നിന്നും കഴിഞ്ഞ തവണയും ഒഴിവാക്കിയിരുന്നു. ഏതു വിധേനയും താരിഫ് വര്‍ധന അംഗികരിപ്പിക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ നീക്കം. ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വായ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റ് റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

 

Latest News