ഇടുക്കി - ജനങ്ങളിലാകെ ഭീതി വിതച്ച കാട്ടാന ' അരികൊമ്പനെ' പിടികൂടുന്നതിനുള്ള നടപടികള്‍ക്ക് ഹൈക്കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും കൂടുതല്‍ നടപടികളുമായി വനം വകുപ്പ് മുന്നോട്ട്. ആനയെക്കൊണ്ട് പൊറുതി മുട്ടിയ ചിന്നക്കനാല്‍, ശാന്തന്‍ പാറ പ്രദേശങ്ങിലെ ജനങ്ങളുടെ രോഷം തണുപ്പിക്കാനാണ് വനം വകുപ്പിന്റെ നീക്കം.
അരികൊമ്പനെ തളക്കുന്നതിനുള്ള കുങ്കിയാനകളിലെ അവസാന രണ്ട് ആനകള്‍ ഇന്നെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് എത്തുന്നത്. ആനയുടെ ആക്രമണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ച് ' അരികൊമ്പനെ 'പിടികൂടുന്നതിനുള്ള വിലക്ക് നീക്കാനും നടപടികളെടുത്തിട്ടുണ്ട്. ഇതിനായി ആനയുടെ ആക്രണണത്തിന് ഇരയായവരില്‍ നിന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളില്‍ നിന്നും വനംവകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
.'അരികൊമ്പനെ' പിടികൂടുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീവ്ര പരിശ്രമത്തിലായിരുന്നു ഇതിനായി വയനാട്ടില്‍ നിന്ന് കുങ്കിയാനകളെ അടക്കം എത്തിച്ചിരുന്നു ആനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കേയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങിയ നടപടികളൊന്നും സ്വീകരിക്കാതെ ആനയെ പിടികൂടുന്ന നടപടിയിലേക്ക് നേരിട്ട് കടന്നതിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.