Sorry, you need to enable JavaScript to visit this website.

പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ് വൈകുന്നു

കോഴിക്കോട് - മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ ഐ സി യുവില്‍ ആശുപത്രി ജീവനക്കാരന്റെ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് നീളുന്നു. പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരം മെഡിക്കല്‍ കോളേജിലെ ആറ് വനിതാ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. ഭരണ കക്ഷി യൂണിയനില്‍ പെട്ടവരായതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം.
പ്രതിയുടെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് യുവതിയെ ഭീഷണിപ്പെടുത്തിയതും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും. സംഭവത്തില്‍ പീഡനക്കേസിലെ പ്രതിയായ ശശീ്ന്ദ്രന്റെ സഹപ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 1 അറ്റന്റര്‍മാരുമായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റര്‍മാരായ ഷൈമ, ഷലൂജ, നഴ്‌സിംഗ് അസിസ്റ്റന്റായ പ്രസീത മനോളി എന്നിവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിന്നു. ദിവസ വേതന ജീവനക്കാരിയായ ദീപയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. 
തൈറോയ്ഡിന് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കഴിഞ്ഞ ദിവസം ഐ സി യുവില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് അറ്റന്ററായ വടകര വില്യാപ്പള്ളി മയ്യന്നൂര്‍ കുഴിപ്പുറത്ത് ശശീന്ദ്രനെ (55) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ കൊണ്ടുവന്ന ശേഷമാണ് സംഭവമുണ്ടായത്. യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവിലാക്കിയ ശേഷം മടങ്ങിയ അറ്റന്റര്‍ കുറച്ചു കഴിഞ്ഞു തിരികെ വരികയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാരൊന്നും തൊട്ടടുത്തില്ലെന്ന് ഉറപ്പാക്കിയാണ് മയക്കത്തിലായിരുന്ന യുവതിയെപീഡിപ്പിച്ചത്.ബോധം തെളിഞ്ഞ ശേഷം യുവതി ബന്ധുക്കളോടും ഐ.സി.യുവിലെ നഴ്‌സിനോടും വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.

 

 

 

Latest News