പാരിസ് - കീലിയന്‍ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ആദ്യ മത്സരം ഫ്രാന്‍സ് ആഘോഷമാക്കി. ക്യാപ്റ്റന്‍ ഇരട്ട ഗോളടിച്ചതോടെ യൂറോ 2024 യോഗ്യതാ മത്സരത്തില്‍ ലോകകപ്പ് റണ്ണേഴ്‌സ്അപ് മറുപടിയില്ലാത്ത നാലു ഗോളിന് നെതര്‍ലാന്റ്‌സിനെ തരിപ്പണമാക്കി. ഗ്രൂപ്പ് ബി-യിലെ ആദ്യ മത്സരത്തില്‍ ആദ്യ പകുതി പാതിവഴി പിന്നിടുമ്പോഴേക്കും ഫ്രാന്‍സ് മൂന്നു ഗോളിന് മുന്നിലെത്തിയിരുന്നു. ഭക്ഷ്യ വിഷബാധ കാരണം അഞ്ചു കളിക്കാര്‍ക്ക് വിട്ടുനില്‍ക്കേണ്ടി വന്നത് ഡച്ചിനെ സാരമായി ബാധിച്ചു.
ഹ്യൂഗൊ ലോറീസ് വിരമിച്ച ഒഴിവില്‍ ക്യാപ്റ്റന്റെ ആംബാന്റണിഞ്ഞ എംബാപ്പെ രണ്ട് മിനിറ്റാവുമ്പോഴേക്കും പുതിയ വൈസ് ക്യാപ്റ്റന്‍ ആന്റോയ്ന്‍ ഗ്രീസ്മാന്‍ ആദ്യ ഗോളടിക്കാന്‍ അവസരമൊരുക്കി. എട്ടാം മിനിറ്റില്‍ ഗ്രീസ്മാന്‍ പ്രത്യുപകാരം ചെയ്തു. ഗ്രീസ്മാന്റെ ഫ്രീകിക്ക് ഗോള്‍മുഖത്തു നിന്ന് ദയോത് ഉപമെകാനൊ വലയിലേക്ക് കോരിയിട്ടു. അപകടം അകറ്റാതിരുന്ന ഡച്ച് ഗോളി യാസ്പര്‍ സില്‍സനാണ് ഗോളിന് കാരണക്കാരന്‍. ഒറേലിയന്‍ ചൂമേനിയുടെ ത്രൂബോള്‍ സമര്‍ഥമായി റന്‍ഡാല്‍ കോളോ മുവാനി ഒഴിഞ്ഞുകൊടുത്തപ്പോള്‍ എംബാപ്പെ ഓടിയെത്തി മൂന്നാം ഗോള്‍ നേടി. അവസാന വേളയില്‍ എംബാപ്പെ തന്നെ നാലാം ഗോളും കണ്ടെത്തി. ലോകകപ്പ് ഫൈനലില്‍ തോറ്റ ശേഷം ഫ്രാന്‍സിന്റെ ആദ്യ കളിയായിരുന്നു ഇത്.
എംബാപ്പെക്ക് 67 കളികളില് 38 ഗോളായി. 2017 ല്‍ പാരിസില്‍ തന്നെ നെതര്‍ലാന്റ്‌സ് നാലു ഗോളിന് ഫ്രാന്‍സിനോട് തോറ്റിരുന്നു. ഫ്രാന്‍സിന്റെ അടുത്ത കളി തിങ്കളാഴ്ച അയര്‍ലന്റിനെതിരെയാണ്. നെതര്‍ലാന്റ്‌സിന് ദുര്‍ബലരായ ജിബ്രാള്‍ടറുമായി കളിക്കണം.