ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച ശേഷം പ്രവാസിയായ ഭർത്താവ് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്ന ബൈജു രാജു എന്ന കായംകുളം സ്വദേശിയാണ് ലോഡ്ജിൽ ജീവനൊടുക്കിയത്. ഏറെക്കാലം സൗദിയിൽ പ്രവാസിയായിരുന്ന ബൈജു പിന്നീട് ന്യൂസിലാന്റിലേക്ക് ജോലിക്കായി പോകുകയായിരുന്നു. ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. ഏറെക്കാലം കുടുംബസമേതം ഇദ്ദേഹം സൗദിയിലായിരുന്നു.
തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു രാജു ആരോപിച്ചത്. ഒൻപതു മിനുറ്റ് നീണ്ട വീഡിയോയാണ് ബൈജു രാജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്നും മകളേ തന്നിൽ നിന്നും അകറ്റി എന്നും, ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയി എന്നുമാണ് അദ്ദേഹം ആരോപിച്ചിരുന്നത്. നാട്ടിലെ ഫിക്സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും തന്നെ ഇപ്പോൾ അവരെല്ലാം ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞിരുന്നു.
ജീവതിത്തിൽഎല്ലാം നഷ്ടപ്പെട്ടുവെന്നും സമാധാനം വേണമെന്നും അതിനായി ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുകയാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച് വൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പ് വായിക്കാം:
ഇന്നലെ(വ്യാഴം) കണ്ട വിഷമിപ്പിക്കുന്ന കാര്യം സ്വന്തം ഭാര്യയുടെ 'അവിഹിതം' കണ്ടെത്തിയതിന് അവരെ കാമറയ്ക്ക് മുൻപിൽ വിചാരണ ചെയ്ത് പോസ്റ്റ് ചെയ്ത ഒരു പ്രവാസിയുടെ വാർത്തയാണ്. അയാൾ അതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് വായിച്ചത്. എല്ലാ ആത്മഹത്യയും നിർഭാഗ്യകരമാണ്.
ഭാര്യക്കോ ഭർത്താവിനോ ഒരു പ്രണയം ഉണ്ടെന്ന് കണ്ടെത്തിയാൽ അതിനുള്ള പരിഹാരം വിചാരണ ചെയ്ത് പരസ്യപ്പെടുത്തലും അത് കഴിഞ്ഞുള്ള ആത്മഹത്യയും ഒന്നുമല്ല. വിവാഹം കഴിഞ്ഞതോ കഴിക്കാത്തതോ ആയ ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നതിൽ ഒരു അസ്വാഭാവികതയും ഇല്ല. തികച്ചും സ്വാഭാവികം ആണ് താനും. അങ്ങനെ ഒന്നും തോന്നാത്തവർ ജാഗ്രതൈ. അങ്ങനെ സ്വന്തം പങ്കാളിക്ക് ഒരു പ്രണയം ഉണ്ടെന്ന് കണ്ടാൽ അതിനെ കയ്യാങ്കളിയിലൂടെയും വിചാരണയിലൂടെയും അല്ലാതെ കൈകാര്യം ചെയ്യാൻ പറ്റണം. കോവിഡാനന്തര ലോകത്ത് പങ്കാളികൾ ഉള്ളവർക്ക് മറ്റൊരു പ്രണയം ഉണ്ടാകുന്നതും, അതും ഒരു പക്ഷെ സ്വവർഗ്ഗത്തിൽ ഉള്ളവരോട് പോലും ആകുന്നതും, ഒക്കെ കൂടുതൽ സ്വാഭാവികവും സാധാരണവും ആകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
നമ്മുടെ സദാചാരബോധവും ആയി ചേർന്ന് പോകുന്ന ഒന്നല്ല. നമ്മുടെ നിയമങ്ങളുമായും.
പക്ഷെ അതാണ് വരുന്ന ലോകം. നമ്മുടെ ചിന്തകൾ മാറും, നിയമങ്ങളും. പക്ഷെ അതിനും മുൻപ് ഇത്തരം സാഹചര്യം ഉണ്ടായാൽ, അതിനെ പക്വതയോടെ കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെ വിചാരണക്ക് ഒന്നും പോകരുത്.
മാന്യമായി പിരിഞ്ഞു പോകണം. ആത്മഹത്യ അതിനുള്ള പരിഹാരമല്ല. ആത്മഹത്യ തെറ്റിനെ ശരിയാക്കുന്നുമില്ല.
മുരളി തുമ്മാരുകുടി