കൊച്ചി- ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് നടത്തിപ്പിലെ അഴിമതിയെച്ചൊല്ലിയുള്ള വാദ പ്രതിവാദങ്ങൾ ചൂടുപിടിച്ചതിന്റെ പശ്ചാത്തലത്തിൽ നഗരസഭ വീണ്ടും സമരകേന്ദ്രമാകുന്നു.
കെ പി സി സി പ്രസിഡണ്ട് കെ സുധാകരനടക്കം പങ്കെടുത്ത ആദ്യഘട്ട സമരത്തിന് പിന്നാലെ കോൺഗ്രസ് വീണ്ടും ശക്തമായ സമരം പ്രഖ്യാപിച്ചതോടെ പ്രതിരോധ സമരവുമായി എൽ .ഡി .എഫും രംഗത്തെത്തി. ഡി. ഗി. സിയുടെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ, കമ്മീഷണർ ഓഫീസ് മാർച്ചുകൾ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്യുക. ബ്രഹ്മപുരം വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകാൻ ഒരുങ്ങുന്നത്. ബ്രഹ്മപുരം അഴിമതിക്ക് കൂട്ട് നിൽക്കുന്ന മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് കൊച്ചി മേയർ എം അനിൽകുമാറിനെതിരെ കോൺഗ്രസ് ഇന്ന് അവിശ്വാസ പ്രമേയത്തിനും നോട്ടീസ് നൽകും. അതിനിടെ ബ്രഹ്മപുരം വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന അക്രമസമരത്തിനെതിരെയാണ് എൽ ഡി എഫിന്റെ സമരം. 28ന് എൽ ഡി എഫ് ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചതായി സിപി എം എറണാകുളം ജില്ലാ സെക്രട്ടറി സി .എൻ മോഹനൻ പറഞ്ഞു. കൊച്ചി കോർപ്പറേഷന് മുന്നിലാണ് മാർച്ചും ധർണയും നടത്തുക.ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ മുൻ യു.ഡി.എഫ് ഭരണസമിതിയാണെന്ന് അദ്ദേഹം ആരോപിച്ചു. ജൈവ മാലിന്യം മാത്രം കൊണ്ടുപോകേണ്ടിയിരുന്ന ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യവും തള്ളി തുടങ്ങിയത് 2010ലെ യു ഡി എഫ് ഭരണകാലത്താണ്. 100 ഏക്കറിലധികം സ്ഥലമുള്ള ബ്രഹ്മപുരത്ത് തോന്നിയ പോലെയാണ് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടിയത്. ആരാണ് അതിന് അനുമതി നൽകിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ബ്രഹ്മപുരത്ത് നിലവിലുള്ള മാലിന്യങ്ങൾ വിദഗ്ധ അഭിപ്രായങ്ങൾ അനുസരിച്ച് നീക്കം ചെയ്യണം. ആധുനിക തരത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായം തേടാവുന്നതാണെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.