കൊച്ചി- രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി സിനിമാ നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ഒരു കുട്ടി അനീതിക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ രക്തസാക്ഷിയായെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇന്ദിരാഗാന്ധിയുടെ ശവസംസ്‌കാര ചടങ്ങ് നടക്കുന്ന സമയത്ത് രാജീവ് ഗാന്ധിയുടെ നെഞ്ചിൽ അമർന്നു നിൽക്കുന്ന രാഹുലിന്റെ ചിത്രവും ഹരീഷ് പങ്കുവെച്ചിട്ടുണ്ട്.
ഹരീഷിന്റെ വാക്കുകൾ:
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന്. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനിതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നു. അയോഗ്യതകൾ കൽപ്പിക്കുന്നു. അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു. അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം.