തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ്- കെ. എസ്. യു പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
രാഹുല്‍ ഗാന്ധിയെ എം. പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിവീശിയ പോലീസ് വളഞ്ഞിട്ടു തല്ലുകയും ചെയ്തു. കെ. എസ്. യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. വനിതാ പ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് അവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധം തുടര്‍ന്നു.