മക്ക - സൽക്കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന പുണ്യറമദാനിലെ ആദ്യ വെള്ളിയാഴ്ച ആത്മീയവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ വിശ്വാസി ലക്ഷങ്ങൾ മക്ക മസ്ജിദുൽ ഹറമിലും മദീന മസ്ജിദുന്നബവിയിലും ഒഴുകിയെത്തി. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും എത്തിയ തീർഥാടകർക്കു പുറമെ, മക്ക, മദീന നിവാസികളും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഇരു ഹറമുകളിലും ജുമുഅയിൽ പങ്കെടുത്തു. വളരെ നേരത്തെ തന്നെ ജുമുഅയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് വിശ്വാസികൾ വിശുദ്ധ ഹറമിൽ ഒഴുകിയെത്തിയിരുന്നു. ഹറമിന്റെ മുഴുവൻ നിലകളും മുറ്റങ്ങളും വിശ്വാസികളാൽ നിറഞ്ഞു.
ആദ്യ ജുമുഅ ദിവസം ഹറംകാര്യ വകുപ്പ് പദ്ധതി വിജയമായിരുന്നെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. പ്രയാസരഹിതമായും എളുപ്പത്തിലും ആരാധനാ കർമങ്ങൾ നിർവഹിക്കാൻ വിശ്വാസികൾക്ക് സാധിച്ചു. ജുമുഅ നമസ്‌കാരത്തിലുണ്ടാകുന്ന വലിയ തിരക്ക് മുൻകൂട്ടി കണ്ട് ഹറംകാര്യ വകുപ്പ് മുഴുവൻ ശേഷികളും പ്രയോജനപ്പെടുത്തുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. പ്രധാന കവാടങ്ങളിലും മതാഫിലും ഹറം മുറ്റങ്ങളിലെ വഴികളിലും മാർഗ തടസ്സം സൃഷ്ടിക്കുന്ന നിലക്ക് ആൾക്കൂട്ടങ്ങൾ തടിച്ചുകൂടുന്നത് ഹറംകാര്യ വകുപ്പ് ജീവനക്കാരും സുരക്ഷാ വകുപ്പുകളും തടയകയും ഹറമിലേക്കും തിരിച്ചുമുള്ള വിശ്വാസികളുടെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുകയും ചെയ്തു. ആൾക്കൂട്ട നിയന്ത്രണത്തിന് താൻ നേരിട്ട് മേൽനോട്ടം വഹിച്ചതായി ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. മുഴുവൻ കവാടങ്ങളിലും വിശ്വാസികളുടെ നീക്കം സുഗമമായിരുന്നു.
എവിടെയും അനിയന്ത്രിതമായ തിക്കുംതിരക്കും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. വിശുദ്ധ ഹറമിൽ ശൈഖ് ഡോ. ഫൈസൽ ഗസ്സാവി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകി. വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംസ്‌കരണവും ശുദ്ധീകരണവും ലക്ഷ്യമിടുന്നു. മുസ്‌ലിമിനെ അവന്റെ പെരുമാറ്റം പരിഷ്‌കരിക്കാനും സ്വയം നിയന്ത്രിക്കാനും വിശ്വാസം, ഭക്തി, ധാർമികത, ഔദാര്യം, ദാനം, സത്യസന്ധത, വിശ്വാസ്യത, ദൈവഭക്തി എന്നിവയാൽ അലങ്കരിക്കാനും വ്രതാനുഷ്ഠാനം പഠിപ്പിക്കുന്നതായി ജുമുഅ നമസ്‌കാരത്തിന്റെ ഭാഗമായ ഉദ്‌ബോധന പ്രസംഗത്തിൽ ഇമാം പറഞ്ഞു.
മസ്ജിദുന്നബവിയിൽ ശൈഖ് ഡോ. അഹ്മദ് അൽഹുദൈഫി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകി. പ്രവാചക പള്ളിയിൽ 2,68,511 പേർ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തു. മക്കയിലും മദീനയിലും ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും ബസ് ഷട്ടിൽ സർവീസുകൾ ആരംഭിച്ചത് നഗരവാസികൾക്കും സന്ദർശകർക്കും ഏറെ ഉപകാരപ്പെട്ടു. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി മക്കയിൽ ഹറമിനടുത്ത പ്രദേശങ്ങളിൽ വാഹനങ്ങൾ പൂർണമായും വിലക്കിയിരുന്നു.