മരിച്ചവരെ കുറിച്ച് നല്ലതു പറയുക എന്നതാണ് നമ്മുടെ പൊതുബോധം. എന്നാൽ ചരിത്രത്തെ തന്നെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന രീതിയിൽ മരിച്ചവരെ കുറിച്ചുള്ള അപദാനങ്ങൾ വർധിക്കുമ്പോൾ സത്യം പരിശോധിക്കേണ്ടത് അനിവാര്യമാണ്.
ആധുനിക കേരളത്തിന്റെ ശിൽപിയായി ഇ.എം.എസ് വാഴ്ത്തപ്പെടുമ്പോൾ യാഥാർത്ഥ്യം അതാണോ എന്ന പരിശോധന അനിവാര്യമാകുന്നത് അങ്ങനെയാണ്. ശങ്കരാചാര്യർക്കും നാരായണ ഗുരുവിനും ശേഷം കേരളം ജന്മം കൊടുത്ത ഏറ്റവും വലിയ പ്രതിഭയായാണല്ലോ ഇ.എം.എസ് വാഴ്ത്തപ്പെടുന്നത്. വാസ്തവത്തിൽ ശ്രീശങ്കരന്റെ പല ആശയങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നു എന്നത് ശരിയാണ.് മരണം വരെ തന്റെ പേരിനൊപ്പം അദ്ദേഹം ഉപയോഗിച്ച ജാതിവാൽ മറ്റെന്തിന്റെ സൂചനയാണ്? എന്നാൽ ഗുരുവുമായി ഒരു സമീകരണവും ഇ.എം.എസിനില്ല. വി.ടിക്കൊപ്പം നമ്പൂതിരിയെ മനുഷ്യനാക്കാൻ ശ്രമിച്ച സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങൾ ആദ്യകാലത്ത് അദ്ദേഹം നടത്തിയെന്നത് ശരിയാണ്. പക്ഷേ ആ പാത പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. നാരായണ ഗുരുവും അയ്യങ്കാളിയും വി.ടിയുമടക്കമുള്ള നവോത്ഥാന നായകർ ഉഴുതുമറിച്ച ഭൂമിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നെടുനായകത്വം വഹിച്ചു. എന്നാൽ സാമൂഹ്യ മാറ്റത്തിന് അനിവാര്യമായിരുന്ന നവോത്ഥാന ധാര അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. അല്ലെങ്കിൽ അതിനെതിരായ ശക്തികളുമായി സന്ധി ചെയ്യുകയായിരുന്നു.
ഇ.എം.എസ് നൽകിയ ചെങ്കൊടിയേന്തുകയും വർഗബോധത്താൽ ഉത്തേജിതരാകുകയും ചെയ്തപ്പോൾ കേരളത്തിലെ അധഃസ്ഥിതന് നഷ്ടപ്പെട്ടത് ആത്മബോധമായിരുന്നു. ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളിൽ പോലും ദളിതൻ പോരാട്ടത്തിന്റെ പാതയിൽ അണിനിരന്നപ്പോൾ കേരളത്തിൽ അതുണ്ടായില്ല. സമൂഹത്തിന്റെ എറ്റവും അടിത്തട്ടിൽനിന്ന് മായാവതിയെ പോലുള്ളവർ മുഖ്യമന്ത്രിയാകുന്നത് നാം കണ്ടു. മഹാരാഷ്ട്രയും തമിഴ്നാടും കർണാടകയുമെല്ലാം ദളിത് സാഹിത്യത്തിൽ സമ്പന്നമായി.
കേരളത്തിലോ? സാമൂഹ്യ നവോത്ഥാനവും ജാതിവിരുദ്ധ പോരാട്ടവും മുന്നേറാതെ, അധഃസ്ഥിതന് അധികാരത്തിൽ പങ്കാളിത്തം ലഭിക്കാതെ സ്വാതന്ത്ര്യം നേടിയാലും അത് ഗുണകരമാകില്ല എന്ന് വാദിച്ച അംബേദ്കർ ചിന്തകൾ കേരളത്തിൽ എത്തുന്നതിൽനിന്ന് തടഞ്ഞത് മുഖ്യമായും ഇ.എം.എസാണ്്. വർഗ സമരത്തിലെ അടിയുറച്ച വിശ്വാസം മറ്റു ചിന്താധാരകളെ വിശകലനം ചെയ്യുന്നതിൽ നിന്ന് ഇ.എം.എസിനെ തടഞ്ഞു. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണത്തിലും ഇതേ പരിമിതിയുണ്ടായിരുന്നെന്ന് പിന്നീട് കൂടുതൽ കൂടുതൽ വെളിവായി. ചെങ്ങറയും മുത്തങ്ങയും ഡി.എച്ച്.ആർ.എമ്മുമൊക്കെ ഭീഷണിയായപ്പോൾ ആദിവാസികളെയും ദളിതുകളെയും അണിനിരത്താൻ പാർട്ടി, സംഘടനകളുണ്ടാക്കി. എന്നാൽ ലക്ഷ്യം ഇ.എം.എസ് പണ്ടുപറഞ്ഞ വർഗസമരത്തിൽ ഈ വിഭാഗങ്ങളെ അണിനിരത്തുക തന്നെ. (സ്ത്രീ മുന്നേറ്റങ്ങളോടുള്ള നിലപാടും അതു തന്നെ. ഇന്നും പാർട്ടിയുടെ നിർണായക സ്ഥാനങ്ങളിൽ സ്ത്രീകളുണ്ടോ? കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രി ഉണ്ടായോ?)
സാമ്പത്തിക സംവരണത്തിനനുകൂലമായി ആദ്യം കുറിപ്പ് തയാറാക്കിയ മുഖ്യമന്ത്രി മറ്റാരുമല്ല. ഇന്നത് യാഥാർത്ഥ്യവുമായി. സംവരണം സാമ്പത്തിക നീതിയേക്കാൾ സാമൂഹ്യ നീതിയെ ലക്ഷ്യമാക്കിയാണെന്നു മനസ്സിലാക്കാൻ അദ്ദേഹത്തിനായില്ല. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പ്രശസ്ത കൃതിയിൽ അയ്യങ്കാളിയെ കുറിച്ച് ഒരു വരി പോലുമില്ല എന്നതും കൗതുകകരം. ഇ.എം.എസ് മുന്നോട്ടു നടന്നപ്പോൾ വി.ടി. പിന്തിരിഞ്ഞു എന്നത് ഈ മാറ്റങ്ങളുടെ പ്രതീകാത്മക ചിത്രമായിരുന്നു.
ലോകത്തെ ഏറ്റവും ജനാധിപത്യ മനുഷ്യത്വ വിരുദ്ധമായ ജാതിവ്യവസ്ഥ സമ്മാനിച്ച വാൽ ഉപേക്ഷിക്കാതെയും മക്കളിൽ ഒരാൾ പോലും ജാതിയെ നിലനിർത്തുന്ന വിവാഹത്തിൽ അതിനെ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടും ''ആധുനിക കേരളത്തിന്റെ ശിൽപി''യാകാൻ കഴിഞ്ഞു എന്നിടത്താണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഏറ്റവും വലിയ വിജയം.
ഒരു കാലത്ത് വിപ്ലവകരമാണെന്ന ധാരണയിൽ ചെയ്തെതെല്ലാം ദുരന്ത പര്യവസായിയായി മാറുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നു ഇ.എം.എസിന്. അദ്ദേഹം നേതൃത്വം കൊടുത്ത ആദ്യ മന്ത്രിസഭ തുടക്കം കുറിച്ച ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ കേരളത്തിൽ കൃഷി നശിച്ചു. ഭൂമിയുടെ യഥാർത്ഥ അവകാശികളാകട്ടെ, ആയിരക്കകണക്കിനു കോളനികളിൽ ഒതുങ്ങുകയും ചെയ്തു. അധ്വാനത്തെ മഹത്വൽക്കരിക്കുന്ന മാർക്സിസത്തിന് ഏറ്റവും വേരോട്ടമുള്ള മണ്ണിൽ അധ്വാനത്തോട് പുഛം. വെള്ളക്കോളർ സംസ്‌കാരം സമൂഹത്തിന്റെ മുഖമുദ്രയായി. എന്തിനും ഏതിനും ഒറീസയിൽനിന്നും ബംഗാളിൽനിന്നും ആളെത്തേണ്ട അവസ്ഥ. ഉൽപാദക ശക്തികളുടെ വികാസമാണ് സാമൂഹ്യ വികാസത്തിന്റെ അടിത്തറ എന്നു പഠിപ്പിക്കുമ്പോഴും യന്ത്രവൽക്കരണത്തെയും ആധുനികവൽക്കരണത്തെയും തടഞ്ഞ ചരിത്രം കേരള വികസനത്തിനുണ്ടാക്കിയ നഷ്ടങ്ങളേറെ. വിമോചന സമരത്തിന് കാരണമായ വിദ്യാഭ്യാസ ബില്ലിന് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസ രംഗം പൂർണമായും സ്വകാര്യ മാനേജ്മെന്റിന്റെയും മത ശക്തികളുടെയും കൈപ്പിടിയിൽ. ഉന്നത വിദ്യാഭ്യാസം തകർന്നു. മറ്റെന്തിനേക്കാൾ മനുഷ്യനിൽ വിശ്വാസമർപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ നാട്ടിൽ അന്ധവിശ്വാസത്തിനും വർഗീയതക്കും വർഗ സമരം വഴിമാറി. നിയമസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും പൊതുബോധത്തിൽ സംഘപരിവാർ ശക്തികൾ പിടിമുറുക്കി.
ജനാധിപത്യത്തിന്റെ മഹനീയ മാതൃകയായ മുന്നണി ഭരണത്തിന് തുടക്കമിട്ടത് ഇ.എം.എസ്. പിന്നീട് ഇന്ത്യ മുഴുവൻ ആ പാത പിന്തുടർന്നു. പക്ഷേ ഇന്ന് രാഷ്ട്രീയ രംഗത്തെ മുരടിപ്പിന്റെ പ്രതീകമായി മുന്നണി രാഷ്ട്രീയം മാറി. അമിതമായ കക്ഷിരാഷ്ട്രീയവൽക്കരണവും മുന്നണി രാഷ്ട്രീയവും ഇല്ലാതാക്കിയത് രാഷ്ട്രീയത്തിലെ നൈതികതയും പ്രതിപക്ഷ ബഹുമാനവും മൂല്യങ്ങളും. എന്തു കാര്യവും നോക്കിക്കാണുന്നത് കക്ഷിരാഷ്ട്രീയ കണ്ണിലൂടെ. പാർട്ടി വിട്ടുപോകുന്നവർ കൊലക്കത്തിക്കിരയായി. ഇപ്പോഴും ജനാധിപത്യത്തെ അടവും തന്ത്രവുമെന്നതിലുപരി രാഷ്ട്രീയമായി അംഗീകരിക്കാൻ പാർട്ടി തയാറില്ല. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയെ 17 ദേശീയ സമൂഹങ്ങളായി വിലയിരുത്തുകയും ഓരോ ദേശീയതക്കും സ്വയം നിർണായവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയുംചെയ്ത പാർട്ടി തീരുമാനമനുസരിച്ചായിരുന്നു ''കേരളം മലയാളികളുടെ മാതൃഭൂമി''. എന്നാൽ പാർട്ടി ആ നിലപാട് പിന്നീട് കൈവിട്ടു. ഇന്ന് എന്തിനും ഏതിനും കേന്ദ്രത്തിനു മുന്നിൽ പിച്ചപ്പാത്രവുമായി കാത്തുനിൽക്കുന്നു മലയാളി സമൂഹം. കേന്ദ്ര വിരുദ്ധ സമരം പോലും നമ്മൾ മറന്നു.
മനുഷ്യനെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ചപ്പോൾ സ്വാഭാവികമായും പ്രകൃതിയും പരിസ്ഥിതിയുമൊന്നും ഇ.എം.എസിന്റെയും കമ്യൂണിസ്റ്റുകാരുടെയും അജണ്ടയിൽ ഉണ്ടായില്ല. എല്ലാ എതിർപ്പുകളെയും മറികടന്ന് പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ വളർന്നിട്ടു പോലും ഈ വിഷയത്തിൽ ആശയപരമായ നിലപാട് ഇ.എം.എസിനുണ്ടായില്ല.