കോട്ടയം - പഴയിടം ഇരട്ടക്കൊലപാതക കേസിലെ പ്രതി ചൂരപ്പാടി അരുണ്‍ ശശിയ്ക്ക് വധശിക്ഷ. കോട്ടയം അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പ്രതി നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്നും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ആള്‍ തന്നെ തന്റെ ബന്ധുക്കളായ വയോധികരെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മണിമലയ്ക്ക് സമീപം പഴയിടത്ത് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച തീമ്പനാല്‍ ഭാസ്‌ക്കരന്‍ നായര്‍ (75) ഭാര്യ വൈദ്യുതി ബോര്‍ഡില്‍ നിന്ന് വിരമിച്ച തങ്കമ്മ (69) എന്നിവരാണ് 2013 ആഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്. തങ്കമ്മയുടെ സഹോദര പുത്രനായ പഴയിടം ചൂരപ്പാടി അരുണ്‍ ശശിയാണ് കൊലപാതകം നടത്തിയത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജെ.നാസര്‍ കണ്ടെത്തിയിരുന്നു. സംഭവം നടന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രതിയെ ശിക്ഷിക്കുന്നത്.
ഭാസ്‌ക്കരന്‍നായരെയും തങ്കമ്മയെയും അരുണ്‍ ശശി വീട്ടില്‍ കയറി ചുറ്റികകൊണ്ട് തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം രാത്രി അരുണ്‍ ശശി ഇവരുടെ വീട്ടിലെത്തുകയും വസ്ത്രം എടുക്കാനായി തങ്കമ്മ വീടിന്റെ മുകള്‍ നിലയിലേക്ക് പോയപ്പോള്‍ ഭാസ്‌ക്കരന്‍ നായരെ ചുറ്റിക കൊണ്ട് പിന്നില്‍ നിന്ന് തലക്കടിക്കുകയുമായിരുന്നു. പെട്ടെന്ന് മരണം ഉറപ്പ് വരുത്തുന്നതിനായി തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ശബ്ദം കേട്ട് താഴേയ്ക്ക് വന്ന തങ്കമ്മയെയും ഇതേ രീതിയില്‍ തന്നെ കൊലപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും കവര്‍ച്ച നടത്തുകയായിരുന്നു അരുണ്‍ ശശിയുടെ ലക്ഷ്യം. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് അരുണ്‍ ശശിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങിയ ഇയാളെ മാസങ്ങള്‍ക്ക് ശേഷമാണ് ചെന്നൈയില്‍ നിന്ന് പിടികൂടാന്‍ കഴിഞ്ഞത്.