കൊച്ചി - കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനാണ് ഇവരെ പുറത്താക്കിയത്. 2022 ഒകോടബര്‍ 15നാണ് ഇവരെ പുറത്താക്കിക്കൊണ്ട് രാജ്ഭവന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച സമിതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ഗവര്‍ണ്ണറും സെനറ്റ് അംഗങ്ങളും തമ്മില്‍ ഉടക്കിയത്.
രണ്ട് സിന്‍ഡിക്കറ്റ് അംഗങ്ങളും നാല് എക്സ് ഒഫീഷ്യോ അംഗങ്ങളും ഒമ്പത് സ്ഥിരാംഗങ്ങളും അടക്കം 15 പേരെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്. ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പുറത്താക്കിയ 15 അംഗങ്ങള്‍ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.