Sorry, you need to enable JavaScript to visit this website.

റമദാനിൽ സൗദി ജവാസാത്ത് പ്രവൃത്തി സമയങ്ങൾ അറിയാം

റിയാദ് - റമദാനിൽ ജവാസാത്ത് ഡയറക്ടറേറ്റുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജവാസാത്ത് സേവനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും അബ്ശിർ ബിസിനസും മുഖീം പോർട്ടലും പ്രയോജനപ്പെടുത്തണം. ജവാസാത്ത് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അബ്ശിറും അബ്ശിർ ബിസിനസും മുഖീം പോർട്ടലും ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതായും മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 
റിയാദ് അൽരിമാൽ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്തു മുതൽ വൈകീട്ട് മൂന്നു വരെ പ്രവർത്തിക്കും. ആഴ്ചയിൽ ഏഴു ദിവസവും രാത്രി ഒമ്പതു മുതൽ അർധരാത്രി ഒരു മണി വരെയും ഈ ഓഫീസ് പ്രവർത്തിക്കും. അൽഖർജ് റോഷൻ മാളിൽ പ്രവർത്തിക്കുന്ന ഇ-സർവീസ് ഓഫീസ് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ അർധരാത്രി ഒരു മണി വരെ പ്രവർത്തിക്കും. 
ജിദ്ദ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫീസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയും രാത്രി ഒമ്പതു മുതൽ അർധരാത്രി ഒരു മണി വരെയും ഉപയോക്താക്കളെ സ്വീകരിക്കും. മറ്റു പ്രവിശ്യകളിലെയും നഗരങ്ങളിലെയും ജവാസാത്ത് ഓഫീസുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്തു മുതൽ വൈകീട്ട് മൂന്നു വരെയാണ് പ്രവർത്തിക്കുക. അബ്ശിർ പ്ലാറ്റ്‌ഫോം വഴി ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ പ്രത്യക്ഷപ്പെടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോക്താക്കൾ തവാസുൽ സേവനം ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് നിർദേശിച്ചു.
 

Latest News