റിയാദ്- സൗദി അറേബ്യയിലെ ജനപ്രിയ ആപ്ലിക്കേഷനായ തവക്കൽനയിൽ ഇനി കാലാവസ്ഥയും അറിയാം. തവൽക്കനയുടെ രണ്ടാം എഡിഷനായ തവൽക്കന സർവീസ് ആപ്ലീക്കേഷനിൽ കാലാവസ്ഥ സർവീസ് കൂടി ഉൾപെടുത്തിയതായി സദാഇയ (സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അറിയിച്ചു). ഉപഭോക്താവ് നിലവിലുള്ള നഗരത്തിലെ തൽസമയ കാലാവസ്ഥയും അഞ്ചു ദിവസം വരെ മുന്നോട്ടുള്ള മാറ്റങ്ങളും അറിയാൻ കഴിയുന്നതോടൊപ്പം ഫേവറേറ്റ് നഗരങ്ങളിലെ കാലാവസ്ഥകൾ കൂടി അറിയുവാനും മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുവാനും തവക്കൽന സർവീസ് വഴി ഇപ്പോൾ സാധ്യമാകും. കാലാവസ്ഥാ മാറ്റങ്ങൾ അലർട്ട് മുഖേന അറിയുന്നതിനുള്ള ക്രമീകരണങ്ങളും പുതുതായി ഉൾപെടുത്തിയവയിലുണ്ട്. ഉപഭോക്താക്കൾക്കായി വൈവിധ്യമാർന്ന സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ദേശീയ കാലാവസ്ഥ കേന്ദ്രവും സദാഇയയും നേരത്തെ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ അപ്ലിക്കേഷനിൽ ഉൾപെടുത്തിയത്. നിരവധി സർക്കാർ സേവനങ്ങളും ഡോക്കുമെന്റ് സർവീസുകളും തവക്കൽന വഴി നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ടുഫോണിൽ തവക്കൽന ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ കഴിയൂന്നവർക്ക് സൗദി താമസ പെർമിറ്റ്(ഇഖാമ) ഡ്രൈവിംഗ് ലൈസൻസ്, വാഹന പെർമിറ്റുകൾ തുടങ്ങിയവയൊന്നും കയ്യിലില്ലാതെ തന്നെ സൗദിയിൽ എവിടെയും യാത്ര ചെയ്യാനാകും.