Sorry, you need to enable JavaScript to visit this website.

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച പ്രവാസി മരിച്ചു, ഹോട്ടൽ അടപ്പിച്ചു

ചാവക്കാട്- ശക്തമായ ഛർദ്ദിയും അതിസാരത്തെയും തുടർന്ന് അവശനിലയിലായ 52കാരൻ മരിച്ചു. ഹോട്ടലിൽനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്നേറ്റ വിഷബാധയെതുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടൽ ആരോഗ്യവിഭാഗം താത്കാലികമായി അടപ്പിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് പുതു വീട്ടിൽ പരേതനായ വേലായിയുടെയും മാരിയുടെയും മകൻ പ്രകാശനാണ് മരിച്ചത്. ഹോട്ടൽ ഭക്ഷണം കഴിച്ച പ്രകാശന്റെ മക്കളായ പ്രവീണും(22), സംഗീത(16)യും  ചർദിയും അതിസാരത്തെയും തുടർന്ന് ഗുരുതരമായി നിർജലീകരണം സംഭവിച്ചതിനെതുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് പ്രകാശൻ ചില്ലി ചിക്കൻ വാങ്ങിയിരുന്നു. പ്രകാശനും മക്കളായ പ്രവീണും സംഗീതയും ഇതു കഴിച്ചു. മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാൽ പ്രകാശന്റെ ഭാര്യ രജനി ഇതു കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതാണ് ഹോട്ടലിൽനിന്ന് വാങ്ങിയ ചില്ലിചിക്കൻ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കാൻ കാരണം. പനിയും ചർദിയും അതിസാരത്തെയും തുടർന്ന് പ്രകാശനും മക്കളും ബുധനാഴ്ച ചാവക്കാട് താലൂക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി വീട്ടിലേക്ക് തിരിച്ചുപോയി. വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശനെ താലൂക് ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. പ്രകാശന്റെ മക്കളെ ആദ്യം താലൂക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പ്രകാശൻ ചില്ലിചിക്കൻ വാങ്ങിയ അഞ്ചങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ ഓഫീസർ അരുൺ, കടപ്പുറം ഹെൽത്ത് ഇൻസ്‌പെക്ടർ സെബി വർഗീസ്, ജെ.എച്ച്.ഐ.മാരായ എൻ.കെ.ബിനോയ്, സുപ്രരാജൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹോട്ടലിൽ പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം, സോസ്, മുളകുപൊടി തുടങ്ങിയവയുടെ സാബിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് പരിശോധനക്കയച്ചു. ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. പ്രകാശന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്താവൂയെന്ന് പോലീസ് അറിയിച്ചു. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന പ്രകാശൻ രണ്ടു മാസം മുമ്പാണ് വീടിന്റെ അറ്റകുറ്റപണി നടത്താൻ അവധിക്ക് നാട്ടിലെത്തിയത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കടപ്പുറം പഞ്ചായത്ത് ശ്മശാനത്തിൽ.
 

Latest News