1938 ൽ കോൺവെന്റ് സ്‌കൂളിൽ ചേരുമ്പോൾ മലയാളം സംസാരിച്ചാൽ കഴുത്തിൽ പാള കെട്ടിത്തൂക്കിയ ചരിത്രവും മറിയുമ്മ ഓർത്തെടുക്കുകയാണ്. ആദ്യമായി
സ്‌കൂളിലെത്തിയ മറിയുമ്മക്ക് ഇംഗ്ലീഷ് വശമില്ലാത്തതിനെ തുടർന്ന് പ്രത്യേക ട്യൂഷൻ നൽകി പ്രാവീണ്യം നേടുകയായിരുന്നു.
തലശ്ശേരിക്കാരുടെ 'ഇംഗ്ലീഷ് മറിയുമ്മ'ക്കും പറയാനുണ്ട് ഓർമയിൽ സൂക്ഷിച്ച പഴയകാല നോമ്പിന്റെ വേറിട്ട രീതികൾ. തൊന്നൂറ്റി ഒന്നിലെത്തിനിൽക്കുന്ന മാളിയേക്കൽ മറിയുമ്മക്ക് അന്നത്തെ കാലത്തെ ചെറിയ നോമ്പുതുറയും വലിയ നോമ്പുതുറയുമൊന്നും ഇന്നും മറക്കാൻ കഴിയുന്നില്ല. പ്രായാധിക്യത്താലുള്ള ശാരീരിക അവശത മാറ്റി വെച്ച് തന്റെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ മറിയുമ്മക്ക് നൂറു നാവാണ്.
1940 കളിലൂടെ സഞ്ചരിച്ച് നോമ്പിന്റെ സവിശേഷകൾ അയവിറക്കുമ്പോൾ മറിയുമ്മക്ക് മനസ്സിൽ ഓടിയെത്തുന്നത് ദിനം പ്രതി മാറി മാറി ഉണ്ടാക്കുന്ന വിഭവങ്ങളുടെ നീണ്ട പട്ടിക തന്നെയാണ്. മഗ്‌രിബ് ബാങ്കിന് ശേഷം നോമ്പു തുറക്ക് വേണ്ടി ആദ്യം മേശയിലെത്തുക തരിക്കഞ്ഞി, കോഴിയട, കല്ലുമ്മക്കായ് നിറച്ചത്, രണ്ട് തരം ജ്യൂസ് എന്നിവയാണ്. ഇതാണ് അന്ന് ചെറിയ നോമ്പുതുറയെന്ന പേരിൽ അറിയപ്പെട്ടത്. തുടർന്ന് നടക്കുന്ന വലിയ നോമ്പുതുറക്ക് വിവിധ തരം പലഹാരങ്ങൾ, കൊഞ്ചൻ പത്തിരി, ചട്ടിപ്പത്തൽ, അരിപ്പത്തിരി, മുട്ട സിർക്ക, റൊട്ടിപ്പത്തൽ, മീൻ പത്തിരി, ജീരകക്കഞ്ഞി, കോഴിക്കറി, ആട്ടിൻതലക്കറി, മീൻ കറി തുടങ്ങി കേട്ടാൽ വായിൽ വെള്ളമൂറുന്ന വിഭവങ്ങളുടെ നീണ്ട നിര തന്നെയാണ്. ഓരോ ദിവസവും ഓരോ ഐറ്റംസ് നോമ്പുതുറക്ക് ഒരുക്കുന്ന കാര്യം മറിയുമ്മക്ക് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്ന് എല്ലാം മാറി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ നേരെ പോകുന്നത് ബേക്കറികളിലാണ്. ആർക്കും ഒന്നും ഉണ്ടാക്കാൻ സമയമില്ല. എല്ലാം റെഡിമെയ്ഡ് ആയ കാലത്ത് ഇങ്ങിനെയേ സംഭവിക്കുമെന്ന് ഇവർ ദുഃഖത്തോടെ പറയുകയാണ്.
പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് അത്താഴച്ചോറ് കഴിച്ചതിന് ശേഷം നേന്ത്രപ്പഴം ചുട്ട് പശുവിൻനെയ്യും പുരട്ടി കഴിക്കാറുണ്ടെന്നും മറിയുമ്മ പറഞ്ഞു. തുടർന്ന് നിസ്‌ക്കാരത്തിന് ശേഷം ഖുർആൻ പാരായണവും നടത്തി പിന്നെ കിടന്ന് ഉറങ്ങും. എഴുന്നേറ്റ് പത്ര പാരായണവും കഴിഞ്ഞ് ഉച്ചക്ക് രണ്ട് മണിയോടെ നോമ്പു വിഭവങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ വീട്ടിലെ സ്ത്രീകൾ ചെയ്ത് തുടങ്ങും.
തലശ്ശേരിയിൽ 1950 - കളിൽ രണ്ട് ബസ് സർവീസ് മാത്രം നടത്തിയ ആ പഴയ കാലത്തെ ഓർമകളും മറിയുമ്മക്ക് മറക്കാൻ കഴിയില്ല. ടി.സി റോഡിലെ മാളിയേക്കൽ വീടിന് മുന്നിലാണ് തലശ്ശേരിയിലെ ബസ് സ്‌റ്റോപ്പ്. തലശ്ശേരിയിൽ നിന്ന് മാനന്തവാടി ഭാഗത്തേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ശ്രീരാമ ബസ് സർവീസിന്റെ പേര് മായാതെ മനസ്സിൽ സൂക്ഷിച്ച മറിയുമ്മക്ക് സർവീസ് നടത്തിയ മറ്റൊരു ബസിന്റെ പേര് നാവിൻതുമ്പിലെത്തുന്നില്ല. എന്നിരുന്നാലും കൊട്ടിയൂർ ഉത്സവകാലത്താണ് മിക്കപ്പോഴും നോമ്പുകാലവും വരുന്നതെന്ന ഓർമ ഇന്നുമുണ്ട്.
മാളിയേക്കൽ വീടിന് മുന്നിൽ കൊട്ടിയൂർ തീർത്ഥാടകർ ബസ്സിന് കാത്തുനിൽക്കുമ്പോൾ വിശ്രമത്തിനായ് ഈ വീട്ടിലെ വരാന്തയിലെന്നുമെത്തും. അവർക്ക് നോമ്പു വിഭവങ്ങളും ചായയും വിതരണം ചെയ്യുന്നതും കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഇവിടെ ബസ്സിറങ്ങി വരുന്നവർ മാളിയേക്കൽ വീട്ടിലെ കുട്ടികൾക്കെല്ലാം ക്ഷേത്രത്തിൽ നിന്ന് കൊണ്ട് വരുന്ന ഓടപ്പൂവ് സമ്മാനിക്കുന്ന ആ നല്ല കാലവും 91 ലും ഓർമ്മയിലോടിയെത്തുകയാണ് മറിയുമ്മക്ക്. ഇവർക്ക് ചായ നൽകാൻ നാല് റാത്തൽ പഞ്ചസാര വാങ്ങിയതും മറന്നിട്ടില്ല ഇവർ.. ഇതാണ് മതമൈത്രിയെന്ന് ചൂണ്ടിക്കാട്ടാനും മറിയുമ്മക്ക് മടിയുണ്ടായില്ല.
പഴയകാല സക്കാത്തിനെ കുറിച്ചും മറിയുമ്മക്ക് ഏറെ പറയാനുണ്ട്. സുബ്ഹി നിസ്‌ക്കാരത്തിന് മുമ്പേ തന്നെ സ്ത്രീകളുൾപ്പെടെയുള്ളവർ സക്കാത്ത് വാങ്ങാൻ വീടുകളിൽ നിന്ന് ഇറങ്ങിത്തിരിക്കും. ഇങ്ങനെ തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ തീവണ്ടിയിടിച്ച് സക്കാത്ത് വാങ്ങാൻ പോയ സ്ത്രീ മരിച്ച കാര്യവും മറിയുമ്മയുടെ മനസ്സിലെ കറുത്ത ഓർമയാണ്. ഫിത്ർ സക്കാത്ത് വീട്ടുകാർ തന്നെയാണ് വിതരണം നടത്താറ്. എന്നാൽ ഇന്ന് സക്കാത്തുകൾ മഹല്ല് കമ്മറ്റികളും മറ്റും ശേഖരിച്ച് സംഘടിതമായി ഒന്നിച്ച് വിതരണം ചെയ്യുന്ന രീതി നിലവിൽ വന്നെന്ന് മറിയുമ്മ പറഞ്ഞു.
പെരുന്നാൾ ദിനം വീട്ടിലെ പുതിയാപ്ലിളമാരും കാരണവൻമാരും എല്ലാം ഒത്തുകൂടും. രാവിലെ 'നാസ്ത'ക്ക് ശേഷം സ്ത്രീകൾ ഒഴികെ എല്ലാവരും പള്ളിയിൽ നിസ്‌കാരത്തിന് പോകും. പിന്നീട് 11 മണിക്ക് ചോറും മീൻകറിയുമുൾപ്പെടെ കഴിച്ചതിന് ശേഷം ബന്ധുവീടുകൾ സന്ദർശനമാണ്. വീട്ടിൽ തിരിച്ചെത്തി വൈകിട്ട് നാല് മണിക്കാണ് ബിരിയാണി ഉണ്ടാക്കാൻ തുടങ്ങുക. വൈകിട്ടാണ് പെരുന്നാൾ ബിരിയാണി എല്ലാവരും കഴിക്കുന്നതെന്നും മറിയുമ്മ പഴയ ഓർമ്മച്ചെപ്പിൽ നിന്നെടുത്ത് പറയുന്നു.
കോൺഗ്രസ് നേതാക്കളായിരുന്ന എ.കെ ആന്റണി, പരേതനായ ജി. കാർത്തികേയൻ, ഉമ്മൻചാണ്ടിയുൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധം മറിയുമ്മക്കുണ്ടായിരുന്നു. അടുത്തിടെ ഉമ്മൻചാണ്ടിയെ കാണണമെന്ന മറിയുമ്മയുടെ ആഗ്രഹം തലശ്ശേരിയിലെ കോൺഗ്രസ് നേതാവായ കെ.ശിവദാസൻ സാധിച്ച് കൊടുത്തിരുന്നു. തലശ്ശേരിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉമ്മൻചാണ്ടിയെ മറിയുമ്മയുടെ വീട്ടിലേക്ക് എത്തിച്ച് ആ ആഗ്രഹവും സഫലമാക്കിയിരുന്നു. മറിയുമ്മയുടെ ബാപ്പ ഉർദു പണ്ഡിതനായിരുന്ന ഒ.വി അബ്ദുല്ല സീനിയർ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത കാര്യവും മറിയുമ്മക്ക് മറന്നിട്ടില്ല.
മുസ്‌ലിം പെൺകുട്ടികൾ വിദ്യാഭ്യാസം നേടാൻ സ്‌കൂളുകളെ സമീപിക്കാത്ത പഴയ കാലത്ത് മറിയുമ്മ പഠിക്കാനായി ചേർന്നത് തലശ്ശേരിയിലെ അറിയപ്പെടുന്ന ഇന്നത്തെ സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളായ കോൺവെന്റ് സ്‌കൂളിലായിരുന്നു. ഇന്നത്തെ ഒമ്പതാം ക്ലാസായ പഴയ കാലത്തെ ഫിഫ്ത് ഫോറത്തിലെ പഠനം പൂർത്തീകരിച്ചപ്പോൾ തന്നെ മറിയുമ്മ ഇംഗ്ലീഷിൽ അപാരമായ ഭാഷാ ചാരുത നേടിയിരുന്നു.
1938 ൽ കോൺവെന്റ് സ്‌കൂളിൽ ചേരുമ്പോൾ മലയാളം സംസാരിച്ചാൽ കഴുത്തിൽ പാള കെട്ടിത്തൂക്കിയ ചരിത്രവും മറിയുമ്മ ഓർത്തെടുക്കുകയാണ്. ആദ്യമായി സ്‌കൂളിലെത്തിയ മറിയുമ്മക്ക് ഇംഗ്ലീഷ് വശമില്ലാത്തതിനെ തുടർന്ന് പ്രത്യേക ട്യൂഷൻ നൽകി പ്രാവീണ്യം നേടുകയായിരുന്നു. പട്ടാളത്തിൽ റിക്രൂട്ടിംഗ് ഓഫീസറായിരുന്ന കൂത്തുപറമ്പ് കോട്ടയം മലബാർ സ്വദേശിയായ വി.ആർ. മായൻഅലിയാണ് മറിയുമ്മയുടെ ഭർത്താവ്.
ആയിഷ, അബ്ബാസ് (ഷാർജ) പരേതരായ മശ്ഹൂദ് (ഷാർജ ഇന്ത്യൻ സ്‌കൂൾ സ്ഥാപകാംഗങ്ങളിൽ ഒരാളും, യൂത്ത് കോൺഗ്രസ് നേതാവുമായിരുന്നു), സാറ എന്നിവരാണ് മറിയുമ്മയുടെ മക്കൾ. മാത്യു, മഹിജ, ഖാദർ എന്നിവർ മരുമക്കളാണ്.
1938 ൽ തലശ്ശേരി കോൺവെന്റ് സ്‌കൂളിൽ ചേർന്നപ്പോൾ മറിയുമ്മക്ക് ഇംഗ്ലീഷ് ഒട്ടും വശമില്ലായിരുന്നു. എന്നാൽ എല്ലാവരും ഇംഗ്ലീഷ് പറയുമ്പോൾ മറിയുമ്മക്ക് വല്ലാത്ത ദുഃഖവും തോന്നി. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞ് ഇംഗ്ലീഷിൽ പ്രത്യേക ട്യൂഷൻ ഒരുക്കി. ഫിഫ്ത്ത് ഫോറത്തിലെ വിദ്യാഭ്യാസത്തിനിടെ 1943 മെയ് 13 ന് വിവാഹം നടന്നതോടെ പഠനം നിർത്തേണ്ടിവന്നെന്ന് മറിയുമ്മ പറയുമ്പോഴും ഇംഗ്ലീഷിലുള്ള തന്റെ പ്രാവീണ്യം തെളിയിക്കുന്ന ആംഗലേയ ഭാഷയെ കൂട്ടുപിടിച്ച് തന്നെ സംസാരിക്കുകയായിരുന്നു. തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ മാളിയേക്കലെ മറിയാ മഹലിൽനിന്ന് പഴയകാല ഓർമകളെ ചാരുതയോടെ ചികഞ്ഞെടുക്കുമ്പോഴും ഇപ്പോൾ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് നോമ്പ് നോൽക്കാൻ സാധിക്കാത്ത വിഷമത്തിലാണ് തലശ്ശേരിക്കാരുടെ സ്വന്തം ഇംഗ്ലീഷ് മറിയുമ്മ.