നെടുമ്പാശേരി- വിമാനത്തിൽ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ മാവേലിക്കര നൂറനാട് അനിൽ ഭവനത്തിൽ അഖിൽ കുമാറിനെ (32) യാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് മസ്‌ക്കറ്റിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറി പിടിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് വിമാന കമ്പനി അധികൃതർ വിവരം നെടുമ്പാശേരി പോലീസിന് കൈമാറി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മസ്‌ക്കറ്റിൽ സ്വകാര്യ സ്ഥാനത്തിൽ ജീവനക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. രാത്രി പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വിമാനത്തിൽ മദ്യപരുടെ ശല്യം കൂടിയതിനെത്തുടർന്ന് വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് കുറച്ചിരിക്കുകയാണ്.