റിയാദ് - വനിതകൾ കാറുമായി നിരത്തിലിറങ്ങാൻ രണ്ടാഴ്ച ബാക്കി നിൽക്കേ സൗദി അറേബ്യയിൽ വിദേശി വനിതകൾക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു തുടങ്ങി. നാട്ടിലെ ലൈസൻസ് കൈവശമുള്ളവർക്ക് അത് സൗദി ലൈസൻസ് ആക്കി മാറ്റാനും ഡ്രൈവിംഗ് പരിചയമില്ലാത്തവർക്ക് ലൈസൻസ് എടുക്കാനും നടപടികൾ സുതാര്യമാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
വനിതകൾക്ക് സൗദി ലൈസൻസ് ലഭ്യമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ അബ്ശിറിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുള്ള സംവിധാനം വിവിധ മാളുകളിലും ജവാസാത്ത്, മുറൂർ ഓഫീസുകളിലും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. അബ്ശിർ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്ത ശേഷം അതുവഴി സൗദി ഡ്രൈവിംഗ് ലൈസൻസ് പോർട്ടലിൽ (www.sdlp.sa) അക്കൗണ്ട് തുറന്ന് ഇഖാമ, വിദേശ ഡ്രൈവിംഗ് ലൈസൻസ്, ലൈസൻസ് പരിഭാഷ, മെഡിക്കൽ റിപ്പോർട്ട് എന്നിവ അപ്‌ലോഡ് ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റിനുള്ള മുറൂർ ഓഫീസ് സെലക്ട് ചെയ്ത് അപ്പോയിന്റ്‌മെന്റ് എടുക്കണം. ഈ പോർട്ടലിൽ വനിതകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അറബിയാണ് പോർട്ടലിന്റെ ഭാഷ. മെഡിക്കൽ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യാതെയും അപ്പോയിന്റ്‌മെന്റ് എടുക്കാവുന്നതാണെങ്കിലും പിന്നീട് അത് അപ്‌ലോഡ് ചെയ്യണം.
രക്തവും കാഴ്ചയും നിശ്ചിത ക്ലിനിക്കുകളിൽ പരിശോധിച്ച് മെഡിക്കൽ റിപ്പോർട്ട് ഓൺലൈനിൽ രജിസ്റ്റർ ചെയ്‌തെന്ന് ഉറപ്പു വരുത്തണം. ഔദ്യോഗിക ട്രാൻസ്‌ലേഷൻ ഓഫീസുകളിൽനിന്നാണ് നാട്ടിലെ ലൈസൻസ് അറബിയിലേക്ക് പരിഭാഷപ്പെടുത്തേണ്ടത്. ബാങ്കുകളുടെ ഓൺലൈൻ സദാദ് വഴി ലൈസൻസിന് 10 വർഷത്തക്ക് 400 റിയാലോ അഞ്ചു വർഷത്തേക്ക് 200 റിയാലോ രണ്ടു വർഷത്തേക്ക് 80 റിയാലോ അടയ്ക്കണം.
ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അപ്‌ലോഡ് ചെയ്ത രേഖകളുടെ കോപ്പികളും ഒറിജിനൽ ഇഖാമയും ലൈസൻസും അതിന്റെ തർജമയും സഹിതം അപ്പോയിന്റ്‌മെന്റ് ലഭിച്ച ദിവസം മുറൂർ ഓഫീസിലേക്ക് പോകേണ്ടത്. മുറൂർ ഓഫീസിലെ ആദ്യ കൗണ്ടറിൽ ഇഖാമയും അപ്പോയിന്റ്‌മെന്റ് തീയതിയും പരിശോധിച്ച് ടോക്കൺ തരും. രണ്ടാമത്തെ കൗണ്ടറിൽ ഒറിജിനൽ ഇഖാമയും വിദേശ ഡ്രൈവിംഗ് ലൈസൻസും അവരുടെ സിസ്റ്റത്തിൽ പരിശോധിച്ച് ഉറപ്പു വരുത്തി തിരികെ നൽകും.
അതിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് പോയി പ്രാഥമിക ടെസ്റ്റിൽ പങ്കെടുക്കണം. വാഹനം സ്റ്റാർട്ട് ആക്കുന്നതും ഓടിക്കുന്നതും നിർത്തുന്നതുമാണ് ഇവിടെ പരിശോധിക്കുക. ഈ ടെസ്റ്റ് വിജയിച്ചാൽ രജിസ്‌ട്രേഷൻ കൗണ്ടറിൽ പോയി വിരലടയാളമെടുത്ത് മുടിയുടെയും കണ്ണിന്റെയും നിറം, വ്യക്തിഗത അഡ്രസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകണം. ഈ ഘട്ടം പൂർത്തിയാക്കി റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഏരിയയിലേക്ക് പോകണം. വാഹനം സ്റ്റാർട്ട് ചെയ്യുന്നതും വളവുകൾ തിരിയുന്നതും പാരലൽ പാർക്കിംഗുമാണ് ഈ ടെസ്റ്റിൽ പ്രധാനമായും പരിശോധിക്കുന്നത്. ഡ്രൈവ് ചെയ്യേണ്ട ട്രാക്ക് ആദ്യമേ അവിടെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞുതരും. കാറിൽ ആരും കൂടെയുണ്ടാവില്ല. 75 ശതമാനം മാർക്ക് ലഭിച്ചാൽ വിജയിക്കും. വിജയിച്ചവർക്ക് ഇതേ കോമ്പൗണ്ടിലുള്ള മുറൂറിന്റെ മറ്റൊരു ഓഫീസിൽനിന്ന് ലൈസൻസ് പ്രിന്റ് ചെയ്തു തരും.
യു.കെ, അമേരിക്ക, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ ലൈസൻസുള്ളവർക്ക് സൗദി ഡ്രൈവിംഗ് ലൈസൻസ് മാറ്റി നൽകാൻ കൂടുതൽ നടപടികൾ ആവശ്യമില്ലെന്നാണ് അറിയുന്നത്.
തീരെ ഡ്രൈവിംഗ് അറിയാത്ത വനിതകൾ ഓരോ പ്രവിശ്യയിലുമുള്ള വനിത ഡ്രൈവിംഗ് സ്‌കൂളുകളിൽ അപ്പോയിന്റ്‌മെന്റെടുത്ത് നിശ്ചിത തീയതിയിൽ പരിശീലനത്തിന് ഹാജരാകണം. അതിനും അബ്ശിറിൽ രജിസ്റ്റർ ചെയ്ത് ഡ്രൈവിംഗ് പോർട്ടലിൽ ആക്ടിവേറ്റ് ചെയ്യണം. റിയാദിലെ അമീറ നൂറ യൂണിവേഴ്‌സിറ്റി, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡ്രൈവിംഗ് സ്‌കൂൾ, ദമാമിലെ ഇമാം അബ്ദുറഹമ്ാൻ യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡ്രൈവിംഗ് സ്‌കൂൾ, തബൂക്കിലെ തബൂക്ക് യൂണിവേഴ്‌സിറ്റി കാമ്പസിലെ സ്‌കൂൾ എന്നിവിടങ്ങളിലാണ് വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നടന്നുവരുന്നത്.