മദീന - പുണ്യറമദാനിൽ മസ്ജിദുന്നബവിയിൽ വിതരണം ചെയ്യാനുള്ള ഇഫ്താർ പ്രവേശിപ്പിക്കാൻ മസ്ജിദുന്നബവികാര്യ വകുപ്പ് 15 കവാടങ്ങൾ നിർണയിച്ചു. മസ്ജിദുന്നബവിയിൽ ആകെ 100 കവാടങ്ങളാണുള്ളത്. പഴയ ഹറമിൽ പുരുഷന്മാർക്ക് ഇഫ്താർ എത്തിക്കാൻ മൂന്നാം നമ്പർ കവാടമായ അൽറഹ്മ ഗെയ്റ്റ് നിർണയിച്ചിട്ടുണ്ട്. തെക്കു ഭാഗത്ത് 37, 5, 4, പടിഞ്ഞാറു ഭാഗത്ത് 11, 8, കിഴക്കു ഭാഗത്ത് 32, 34, വടക്കു ഭാഗത്ത് 21, 17, 19 കവാടങ്ങളും നിർണയിച്ചിട്ടുണ്ട്.
വനിതകൾക്കിടയിൽ വിതരണം ചെയ്യാനുള്ള ഇഫ്താർ കിഴക്കു വശത്ത് സ്ത്രീകൾക്കുള്ള നമസ്‌കാര സ്ഥലത്തെ 25, 29, പടിഞ്ഞാറു ഭാഗത്ത് സ്ത്രീകൾക്കുള്ള നമസ്‌കാര സ്ഥലത്തെ 13, 17 കവാടങ്ങൾ വഴിയാണ് പ്രവേശിപ്പിക്കേണ്ടത്. റമദാനിൽ ഇരുപത്തിനാലു മണിക്കൂറും മസ്ജിദുന്നബവിയിൽ വിശ്വാസികളെ സ്വീകരിക്കും. പ്രവാചക പള്ളിക്കകത്ത് മുഴുവൻ ഭാഗത്തും കാർപറ്റുകൾ വിരിച്ചിട്ടുണ്ട്. മസ്ജിദുന്നബവി നിറയുന്ന പക്ഷം ടെറസിലേക്കും പടിഞ്ഞാറു ഭാഗത്തെ മുറ്റത്തേക്കും വിശ്വാസികളെ തിരിച്ചുവിടും.
റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാൻ നുസുക് ആപ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് നേടൽ നിർബന്ധമാണ്. തെക്കു ഭാഗത്തെ മുറ്റത്ത് 37 ാം നമ്പർ കവാടത്തിനു സമീപമുള്ള വഴിയിലൂടെയാണ് റൗദ ശരീഫിലേക്ക് വിശ്വാസികൾക്ക് പ്രവേശനം നൽകുന്നത്. റമദാൻ ഒന്നു മുതൽ 19 വരെയുള്ള കാലത്ത് പുലർച്ചെ 2.30 മുതൽ സുബ്ഹി നമസ്‌കാരം വരെ പുരുഷന്മാർക്കും സുബ്ഹി നമസ്‌കാരം മുതൽ രാവിലെ പതിനൊന്നു വരെ വനിതകൾക്കും രാവിലെ 11.30 മുതൽ ഇശാ നമസ്‌കാരം വരെ പുരുഷന്മാർക്കും രാത്രി 11 മുതൽ പുലർച്ചെ രണ്ടു വരെ വനിതകൾക്കുമാണ് റൗദ ശരീഫിലേക്ക് പ്രവേശനം നൽകുകയെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു.