മക്ക - വിശുദ്ധ റമദാനിൽ ഒഴുകിയെത്തുന്ന തീർഥാടകർക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നൽകാൻ മക്കയിലെ പത്തു ആശുപത്രികളും 82 ഹെൽത്ത് സെന്ററുകളും ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മക്ക ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. ഹറമിലെത്തുന്നവർക്ക് ഇരുപത്തിനാലു മണിക്കൂറും അടിയന്തര വൈദ്യപരിചരണങ്ങൾ നൽകും. ഹറമിലെ ഹെൽത്ത് സെന്ററുകൾ പൂർണ തോതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹറം ആശുപത്രിയും അജ്‌യാദ് എമർജൻസി ആശുപത്രിയും ഹറം ഹെൽത്ത് സെന്ററുകൾക്ക് പിന്തുണ നൽകും. അടിയന്തര കേസുകൾ മെഡിക്കൽ പ്രോട്ടോകോളുകൾ പ്രകാരം ഹറം ആശുപത്രിയിലേക്കും അജ്‌യാദ് എമർജൻസി ആശുപത്രിയിലേക്കും നീക്കുമെന്നും മക്ക ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു.
ഹറമിലേക്ക് പോകാൻ അഞ്ചു ഗതാഗത സംവിധാനങ്ങൾ
മക്ക - റമദാനിൽ വിശുദ്ധ ഹറമിലേക്കും തിരിച്ചും സഞ്ചരിക്കാൻ തീർഥാടകർക്കും വിശ്വാസികൾക്കും അവലംബിക്കാവുന്ന അഞ്ചു ഗതാഗത ഓപ്ഷനുകളുള്ളതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നമസ്‌കാര സമയങ്ങളിൽ ഹറമിനു സമീപമുള്ള റോഡുകളിൽ കാൽനട യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ മികച്ച സേവനം ഉറപ്പു വരുത്താൻ അനുയോജ്യമായ റോഡുകളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടാൻ 28 കേന്ദ്രങ്ങളിൽ ട്രാഫിക് പോലീസുകാർ സേവനമനുഷ്ഠിക്കും.
ഹറമിലേക്ക് പോകുന്ന വിശ്വാസികൾക്ക് അഞ്ചു ഓപ്ഷനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകളാണ് ഇതിൽ ഒന്ന്. ഏറ്റവും വേഗവും എളുപ്പവുമാർന്ന ഗതാഗത സംവിധാനമാണിത്. ബസ് ഷട്ടിൽ സർവീസാണ് രണ്ടാമത്തെ ഓപ്ഷൻ. ഹറമിനടുത്ത സെൻട്രൽ ഏരിയയിലെത്താൻ ആശ്രയിക്കാവുന്ന ഏറ്റവും മാതൃകായോഗ്യമായ ഗതാഗത സംവിധാനമാണിത്. ഹറമിന്റെ സമീപപ്രദേശങ്ങളിലെത്താൻ ടാക്‌സികളും പ്രയോജനപ്പെടുത്താവുന്നതാണ്. സ്വകാര്യ കാറുകളിൽ കാർ പാർക്കിംഗുകളിലും അനുയോജ്യമായ മറ്റു സമീപ സ്ഥലങ്ങളിലും എത്താനും സാധിക്കും. കാൽനടയായും ഹറമിലെത്താവുന്നതാണ്. സെൻട്രൽ ഏരിയക്കു സമീപമുള്ള ഡിസ്ട്രിക്ടുകളിലെ നിവാസികൾക്കും താമസക്കാർക്കും ഹറമിലെത്താൻ അവലംബിക്കാവുന്ന ഏറ്റവും മികച്ച മാർഗം ഇതാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.