Sorry, you need to enable JavaScript to visit this website.

സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ 223 ആയി

റിയാദ് - കഴിഞ്ഞ വർഷാവസാനത്തോടെ സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം 223 ആയി ഉയർന്നതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. ഒരു വർഷത്തിനിടെ കമ്പനികളുടെ എണ്ണം ആറു ശതമാനം തോതിൽ ഉയർന്നു. 2021 അവസാനത്തിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ 210 ആയിരുന്നു. ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഓഹരി മൂല്യം 270.97 ബില്യൺ റിയാലായി ഉയർന്നു. 2021 അവസാനത്തിൽ ഇത് 245.9 ബില്യൺ റിയാലായിരുന്നു. 
ഓഹരി വിപണിയിലെ നിക്ഷേപ ഫണ്ടുകൾ ഒരു വർഷത്തിനിടെ 25 ശതമാനം തോതിൽ ഉയർന്ന് 941 ആയി. ഇതിൽ പബ്ലിക് ഫണ്ടുകൾ 255 ഉം പ്രൈവറ്റ് ഫണ്ടുകൾ 686 ഉം ആണ്. 2021 അവസാന പാദത്തിൽ പബ്ലിക് ഫണ്ടുകൾ 256 ഉം പ്രൈവറ്റ് ഫണ്ടുകൾ 495 ഉം ആയിരുന്നു. പബ്ലിക്, പ്രൈവറ്റ് ഫണ്ട് വരിക്കാരുടെ എണ്ണം 26 ശതമാനം തോതിൽ ഉയർന്ന് 6,77,155 ആയി. 2021 അവസാന പാദത്തിൽ ഫണ്ട് വരിക്കാർ 5,36,405 ആയിരുന്നു. റിയൽ എസ്റ്റേറ്റ് മേഖല ഫണ്ടുകളിലാണ് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. പബ്ലിക് ഫണ്ട് വരിക്കാരിൽ 46 ശതമാനവും പ്രൈവറ്റ് ഫണ്ട് വരിക്കാരിൽ 73 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖല ഫണ്ടുകളിലെ വരിക്കാരാണ്. 
പോർട്ട്‌ഫോളിയോ ആസ്തികൾ 13 ശതമാനം തോതിൽ വർധിച്ച് 265.22 ബില്യൺ റിയാലായി. 2021 അവസാന പാദത്തിൽ പോർട്ട്‌ഫോളിയോ ആസ്തികൾ 234.78 ബില്യൺ റിയാലായിരുന്നു. കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ലൈസൻസുള്ള കാപിറ്റൽ മാർക്കറ്റ് സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം നാലാം പാദത്തിൽ 210 കോടി റിയാൽ ലാഭം നേടി. കാപിറ്റൽ മാർക്കറ്റ് സ്ഥാപനങ്ങളുടെ ചരിത്രത്തിൽ നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണിത്. 2021 അവസാന പാദത്തിൽ ഈ സ്ഥാപനങ്ങൾ 130 കോടി റിയാലാണ് ലാഭം നേടിയത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ പാദത്തിൽ സ്ഥാപനങ്ങളുടെ ലാഭം 61.5 ശതമാനം തോതിൽ വർധിച്ചു. നാലാം പാദത്തിൽ കാപിറ്റൽ മാർക്കറ്റ് സ്ഥാപനങ്ങളുടെ ആകെ വരുമാനം 30 ശതമാനം തോതിൽ വർധിച്ച് 382 കോടി റിയാലായി. 

Latest News