ലിസ്ബണ്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പുറത്തുവരേണ്ടി വന്ന പ്രതിസന്ധി തന്നെ കൂടുതല്‍ നല്ല മനുഷ്യനാക്കിയെന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ലെക്സ്റ്റന്‍സ്റ്റെയ്‌നെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തോടെ റൊണാള്‍ഡൊ ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡ് കൂടി സ്വന്തമാക്കും. പോര്‍ചുഗലിനു വേണ്ടിയുള്ള 197ാമത്തെ മത്സരമാണ് ഇത്. കുവൈത്തിന്റെ ബദര്‍ അല്‍മുതവ്വയുമായി റെക്കോര്‍ഡ് പങ്കുവെക്കുകയായിരുന്നു ഇതുവരെ.
ജീവിതത്തില്‍ പശ്ചാത്തപിക്കാന്‍ നേരമില്ല. ചിലപ്പോള്‍ ചെയ്യുന്നത് ശരിയാവില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. മലമുകളിലാവുമ്പോള്‍ താഴെയെന്താണെന്ന് അറിയില്ല. എനിക്കും അത് സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനൊക്കെ ഞാന്‍ സ്വയം സജ്ജമായിട്ടുണ്ട്. കൂടുതല്‍ നല്ല മനുഷ്യനാണ് ഞാന്‍ -മുപ്പത്തെട്ടുകാരന്‍ പറഞ്ഞു.
ഒരു അഭിമുഖത്തില്‍ മാഞ്ചസ്റ്റര്‍ യനൈറ്റഡിനെതിരെ ആഞ്ഞടിച്ചതിനെത്തുടര്‍ന്നാണ് റൊണാള്‍ഡോക്ക് ക്ലബ്ബ് വിടേണ്ടി വന്നത്. തുടര്‍ന്ന് ലോക റെക്കോര്‍ഡ് തുകക്ക് സൗദി അറേബ്യയിലെ അന്നസ്‌റില്‍ ചേര്‍ന്നു.
ജീവിതത്തില്‍ സംഭവിക്കുന്നതിനെല്ലാം ഒരു യുക്തിയുണ്ടാവും. പ്രയാസകരമായ നിമിഷങ്ങള്‍ക്ക് നന്ദിയുണ്ട്. ആരാണ് ഒപ്പമെന്ന് മനസ്സിലാക്കാന്‍ അതാണെന്നെ സഹായിച്ചത് -റൊണാള്‍ഡൊ പറഞ്ഞു. ലോകകപ്പിലെ തിരിച്ചടികള്‍ക്കു ശേഷം പോര്‍ചുഗല്‍ ടീമിലെ നിമിഷങ്ങള്‍ ആസ്വദിക്കുകയാണെന്ന് വിംഗര്‍ പറഞ്ഞു. ദേശീയ ടീമിലെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം പഴങ്കഥയാണ്. ഈ റെക്കോര്‍ഡില്‍ എനിക്ക് അഭിമാനമുണ്ട് -റൊണാള്‍ഡൊ പറഞ്ഞു.