ഇടുക്കി - ഇടുക്കിയിലെ കാഞ്ചിയാറില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അധ്യാപികയായ അനുമോള്‍ എന്ന വത്സമ്മ(27) ഏറ്റവും ഒടുവിലായി അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഉള്ളത് ജീവിതത്തെക്കുറിച്ചുള്ള ഉള്ളു നുറുങ്ങുന്ന വേദനകള്‍. മസ്‌ക്കറ്റിലുള്ള പിത്യസഹോദരി സലോമിക്ക് കഴിഞ്ഞ 17 ാം തിയ്യതി അയച്ച വാട്‌സാപ്പ് വോയ്‌സ് സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ' ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടു പിടിക്കാത്ത രീതിയില്‍ എവിടെയെങ്കിലും പോയി ജീവിക്കണം. എവിടെയെങ്കിലും പോയി പണി ചെയ്ത് ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നില്ല, എതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാമല്ലോ. ജീവിക്കാനും മരിക്കാനും വിടില്ലെന്ന അവസ്ഥയാണ്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ഒത്തു പോകണമെന്നും ഒന്നിച്ച് കഴിയണമെന്നും പറയാം. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളൂവെന്നൊന്നുമില്ലല്ലോ''
വാട്‌സാപ്പില്‍ വന്ന ഈ വോയ്‌സ് മെസേജിന് സലോമി പ്രതികരണം അയച്ചിരുന്നു. എന്നാല്‍ മറുപടിയൊന്നുമുണ്ടായില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. അതു കഴിഞ്ഞ് അടുത്ത ദിവസമാണ് അനുമോളുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ കിടപ്പു മുറിയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജേഷ് ഒളിവില്‍ പോകുകയും ചെയ്തു. അനുമോളുടേത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. തലക്കേറ്റ പരിക്കില്‍ നിന്ന് രക്തം വാര്‍ന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
അനുമോള്‍ വീട്ടില്‍നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയെന്ന് ഇവരുടെ മാതാപിതാക്കളായ പാമ്പാക്കട ജോണിനെയും ഫിലോമിനയെയും ബിജേഷ് ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് ഇരുവരും വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാന്‍ ബിജേഷ് അനുവദിച്ചില്ല. തന്ത്രപൂര്‍വം ഇവര്‍ കിടപ്പുമുറിയില്‍ കയറുന്നത് തടഞ്ഞു. പിന്നീട് മകളുമായി ബിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും ഉടന്‍ കട്ടാകുകയും ചെയ്തു. സംശയം തോന്നിയ വീട്ടുകാര്‍ ബിജേഷും അനുമോളും താമസിച്ചിരുന്ന പേഴുംകണ്ടത്തെ വീട്ടില്‍ എത്തി വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിയില്‍ പുതപ്പിച്ച രീതിയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ബിജേഷ് അപ്പോഴേക്കും മുങ്ങിയിരുന്നു. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.