കഴക്കൂട്ടം- കൈക്കൂലിക്കേസില്‍ പ്രതിയായ ഡി വൈ എസ് പി റെയ്ഡിനിടെ മുങ്ങി. വിജിലന്‍സ് ഡി വൈ എസ് പി വേലായുധന്‍ നായരാണ് മുങ്ങിയത്. ഇന്നലെ ഉച്ചയോടെ ഇയാളുടെ കഴക്കൂട്ടത്തെ വീട്ടില്‍ ആരംഭിച്ച വിജിലന്‍സ് പരിശോധന രാത്രി ഒന്‍പതിനാണ് അവസാനിച്ചത്.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്റ്റേറ്റ്മെന്റില്‍ ഒപ്പുവച്ച ശേഷം വീടിന്റെ പിറകുവശത്തുകൂടി മുങ്ങുകയായിരുന്നു. വേലായുധന്‍ നായരുടെ ഫോണും ബാങ്ക് രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
തിരുവല്ല നഗരസഭയുടെ സെക്രട്ടറി നാരായണനെ കൈക്കൂലിക്കേസില്‍ പിടികൂടിയിരുന്നു. നാരായണന്റെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് വേലായുധന്‍ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് അന്‍പതിനായിരം രൂപ അയച്ചതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തുകയും ചെയ്തു.
നാരായണനെതിരെ നേരത്തെ ഒരു കേസുണ്ടായിരുന്നു. ഇത് ഒതുക്കിത്തീര്‍ക്കാന്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വേലായുധന്‍ നായര്‍ക്ക് കൈക്കൂലിയായി കൈമാറിയ പണമാണിതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഡി വൈ എസ് പിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്തത്.