കൊച്ചി- 'പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് നമ്മെ വളരെ മാനസിക പിരിമുറുക്കമുള്ളവരാക്കി മാറ്റിയിട്ടുണ്ട്. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം അവരുടെ നന്മയെ അംഗീകരിക്കാനും അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാനും സാധിച്ചാല്‍ കുറച്ചുകൂടെ സംഘര്‍ഷം ഇല്ലാതെയാവും. ഡ്രൈവിംഗ് സുഖമാകും. ഡ്രൈവിംഗ് സുഖമാക്കുക. സംഘര്‍ഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയും അംഗീകരിക്കുക. അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക. അതാണ് സംസ്‌ക്കാരം. സംസ്‌ക്കാരമുള്ളവരാവുക.'- പറയുന്നത് മമ്മൂട്ടിയാണ്, പിന്നെങ്ങനെ കേള്‍ക്കാതിരിക്കാനാവും.
നിരത്തില്‍ ഡ്രൈവ് ചെയ്യുന്ന മറ്റുള്ളവരേയും കരുതാം എന്ന സന്ദേശം നല്‍കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായാണ് മമ്മൂട്ടി ഈ സന്ദേശം നല്‍കുന്നത്. തിരക്കിനെ തുടര്‍ന്ന് പ്രധാന റോഡിലേക്ക് വാഹനം കയറ്റാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഒരു യുവതിക്ക് മറ്റൊരു യാത്രികന്‍ വാഹനം നിര്‍ത്തി സൗകര്യം ഒരുക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വീഡിയോയില്‍ കാണിക്കുന്നത്.
തുടര്‍ന്നാണ് മമ്മൂട്ടി റോഡിലെ കരുതലിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നത്. തനിക്ക് കടന്നു പോകാന്‍ വാഹനം നിര്‍ത്തിത്തന്നയാളോട് കൈകള്‍കൊണ്ട് നന്ദിയുടെ ആംഗ്യം കാണിച്ച് പുഞ്ചിരിച്ചു കടന്നു പോകുന്ന യുവതിയില്‍ നിന്നും ദൃശ്യം നന്ദി പറയാം നിരത്തിലെ ഓരോ കരുതലിനും എന്ന അടിക്കുറിപ്പോടെയാണ് രണ്ടു മിനിട്ടും ഒന്‍പത് സെക്കന്റുമുള്ള വീഡിയോ അവസാനിക്കുന്നത്. കൊച്ചിന്‍ ഷിപ്യാര്‍ഡും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് ക്യാംപയിനും വീഡിയോയും തയ്യാറാക്കിയിരിക്കുന്നത്.