Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ മാസം അബ്ശിറിൽ 18 ലക്ഷത്തിലേറെ സേവനങ്ങൾ

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി കഴിഞ്ഞ മാസം 18 ലക്ഷത്തിലേറെ സേവനങ്ങൾ നൽകി. അബ്ശിറിലൂടെ ജവാസാത്ത് ഡയറക്ടറേറ്റ് 5,74,247 പുതിയ ഇഖാമകൾ ഇഷ്യു ചെയ്യൽ, ഇഖാമ പുതുക്കൽ സേവനങ്ങളും 2,84,172 റീ-എൻട്രി വിസയും 84,769 സൗദി പാസ്‌പോർട്ട് ഇഷ്യു ചെയ്യൽ, പുതുക്കൽ സേവനങ്ങളും 37,038 റീ-എൻട്രി ദീർഘിപ്പിക്കൽ സേവനങ്ങളും 26,154 മുഖീം റിപ്പോർട്ട് സേവനങ്ങളും 12,489 ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കലും 8,539 സ്‌പോൺസർഷിപ്പ് മാറ്റ സേവനങ്ങളും പുതിയ വിസകളിൽ രാജ്യത്തെത്തുന്ന വേലക്കാരികളെ സ്‌പോൺസർമാർക്കു പകരം എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കാനുള്ള 1,688 ഓഥറൈസേഷനുകളും ഫെബ്രുവരിയിൽ നൽകി. 
കേടായതിനാലും ജീർണാവസ്ഥയിലായതിനാലും ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന 2,75,621 വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ, 81,041 വെഹിക്കിൾ രജിസ്‌ട്രേഷൻ (ഇസ്തിമാറ) പുതുക്കൽ, അപകടത്തിൽ പെട്ട വാഹനങ്ങളിൽ റിപ്പയർ ജോലികൾ നടത്താനുള്ള 78,804 അനുമതി പത്രങ്ങൾ, 66,861 ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വാഹനമോടിക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തിയുള്ള 68,236 ഓഥറൈസേഷനുകൾ, 13,555 വാഹന വിൽപന നടപടിക്രമങ്ങൾ, വാഹന ഇൻഷുറൻസ് കാലാവധിയെ കുറിച്ച 4,372 അന്വേഷണങ്ങൾക്കുള്ള മറുപടികൾ എന്നിവ അബ്ശിർ വഴി കഴിഞ്ഞ മാസം ട്രാഫിക് ഡയറക്ടറേറ്റും ഉപയോക്താക്കൾക്ക് നൽകി. 


സൗദി തിരിച്ചറിൽ കാർഡ് കാലാവധിയെ കുറിച്ച 78,183 അന്വേഷണങ്ങൾ, 23,696 ബയാനാതീ സേവനം, 12,841 സൗദി തിരിച്ചറിയൽ കാർഡ് പുതുക്കൽ സേവനം, 7,300 ഫാമിലി കാർഡ് ഇഷ്യു ചെയ്യൽ, കുടുംബാംഗത്തെ കുറിച്ച 5,705 സാക്ഷ്യപത്രങ്ങൾ എന്നിവ അബ്ശിർ വഴി സിവിൽ അഫയേഴ്‌സ് വിഭാഗവും നൽകി. 
വിവിധ വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ രേഖകൾ തപാൽ മാർഗം ഉടമകളുടെ വിലാസങ്ങളിൽ നേരിട്ടെത്തിക്കാനുള്ള 1,46,954 അപേക്ഷകളിൽ അബ്ശിർ നടപടികൾ സ്വീകരിച്ചു. വിരലടയാള രജിസ്‌ട്രേഷനെ കുറിച്ച 6,579 അന്വേഷണങ്ങൾക്കും അബ്ശിർ കഴിഞ്ഞ മാസം മറുപടികൾ നൽകി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മുഴുവൻ സേവനങ്ങളും നൽകുന്ന ഏകജാലകം എന്നോണം 12 വർഷം മുമ്പാണ് അബ്ശിർ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. 


ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ, ഡിജിറ്റൽ രേഖകളുടെ വെരിഫിക്കേഷൻ, വാഹന വിൽപന നടപടിക്രമങ്ങൾ, ഫാൻസി നമ്പർ പ്ലേറ്റുകൾക്കുള്ള ലേലം, ജീർണിച്ചതിനാലും കേടായതിനാലും മറ്റും ദീർഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ, സൗദി പൗരന്മാരുടെയും വിദേശികളുടെയും നവജാതശിശുക്കളുടെ ജനന രജിസ്‌ട്രേഷൻ, പുതിയ ഇഖാമ, ഇഖാമ പുതുക്കൽ, സൗദി പാസ്‌പോർട്ടുകൾ, റീ-എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ അടക്കം 350 ലേറെ സേവനങ്ങൾ അബ്ശിർ വഴി വ്യക്തികൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകുന്നു. 
നിരവധി സേവനങ്ങൾ സമീപ കാലത്ത് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.6 കോടിയിലേറെ ഡിജിറ്റൽ ഐ.ഡി ഉടമകൾ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ദിവസേന ശരാശരി 60,000 ലേറെ സേവനങ്ങൾ അബ്ശിർ വഴി സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങൾ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സ്വദേശികളെയും വിദേശികളെയും അബ്ശിർ സഹായിക്കുന്നു. കൂടുതൽ ഓൺലൈൻ സേവനങ്ങൾ അബ്ശിറിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ തുടരുകയാണ്. 

Latest News