തിരുവനന്തപുരം - സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെത്തുന്നവരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതുകൊണ്ട് തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും കൈക്കൊള്ളണമെന്നും മന്ത്രി പറത്തു.
സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവാണ് സംസ്ഥാനത്തുള്ളതെങ്കിലും എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ളത്. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. . സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐ സി യു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ എന്നിവ കൂടുതലായി മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ എം എസ് .എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.