റിയാദ് - സൗദിയിൽ ഇതുവരെ നിപ്പാ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ കേരളത്തിൽ നിപ്പാ വൈറസ് ബാധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. സൗദിയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തവരിൽ ആർക്കെങ്കിലും നിപ്പാ വൈറസ് ബാധയുണ്ടായതായി രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയും യു.എ.ഇയും മറ്റും വിലക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകൾ സന്ദർശിക്കുന്നതിനെതിരെ സൗദി പൗരന്മാർക്ക് ന്യൂദൽഹി സൗദി എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള യാത്ര ഒഴിവാക്കുന്നതിന് യു.എ.ഇ പൗരന്മാരോട് യു.എ.ഇയും ആവശ്യപ്പെട്ടിട്ടുണ്ട്.