മണവാട്ടിയും തോഴിമാരും അറുപത് പിന്നിട്ടവര്‍,  എന്നിട്ടും കണ്ണൂരിലെ സ്റ്റൈലിഷ് ഒപ്പന തരംഗമായി 

കണ്ണൂര്‍-വയോജന കലാമേളയിലാണ് ചെറുകുന്ന് പള്ളിക്കരയില്‍ നിന്നെത്തിയ ഒരു കൂട്ടം അമ്മമാര്‍ ഒപ്പന ചുവടുകളുമായി വേദിയെ ഇളക്കി മറിച്ചത്. 'മാനത്തൊരു പൊന്‍താരകം മഞ്ചാടി മണിച്ചെപ്പ് തുറന്നില്ലെ' സിനിമാപ്പാട്ടിന് ഒപ്പന ചുവടുകളുമായി ജീവിതസായാഹ്നത്തിന്റെ പടിയിലെത്തിയ ഒരു കൂട്ടം അമ്മമാര്‍ എത്തിയപ്പോള്‍ കണ്ണൂര്‍ ശിക്ഷക് സദനിലെ വേദിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആവേശപ്പൂരം അലതല്ലുകയായിരുന്നു. ഇഗ്‌നേഷ്യ (63),ആഗ്‌നസ്(61), ഓമന (63),ശാരദ(64),വിജയലക്ഷ്മി(63),നിര്‍മ്മല(61),പത്മിനി(63),വെറോണ്ണിക്ക(60),രോഹിണി(68) എന്നിവരാണ് വേദിയില്‍ മൊഞ്ചോടെ ഒപ്പനച്ചുവട് വച്ചത്. സ്‌നേഹ വീട്, കിളിവീട്, കളിവീട് എന്നീ കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ കൂടിയാണിവര്‍.
മണവാട്ടിയായി വേഷമിട്ടത് അറുപത്തുമൂന്നുകാരി പത്മിനിയാണ്. തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളുമായാണ് മണവാട്ടിയും തോഴിമാരുമെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തിനിടെ പള്ളിക്കര സ്‌കൂളില്‍ നാടന്‍പാട്ടുമായി അരങ്ങില്‍ എത്തിയതാണ് ഈ കൂട്ടായ്മ. പിന്നീടാണ് ഒപ്പനയിലേക്ക് ചുവടുമാറ്റിയത്.
പ്രദേശത്ത് നടക്കുന്ന പരിപാടികളിലെ വേദികളിലെല്ലാം സ്ഥിര സാന്നിദ്ധ്യം കൂടിയാണ് ഈ അമ്മമാര്‍. തൊഴിലുറപ്പ് തൊഴിലാളികളായ ഇവര്‍ ദിവസവും വൈകീട്ട് ഏഴോടെ പരിശീലനം ആരംഭിക്കുന്നു. കെ പ്രിന്‍സിയാണ് പരിശീലക. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും ഇപ്പോള്‍ ഏത് ചുവടും ഇവര്‍ക്ക് വഴങ്ങുമെന്ന് പരിശീലക പറയുന്നു. 
 

Latest News