കോഴിക്കോട്- തലശേരി ആർച്ച് ബിഷപ്പിനെതിരെ സി.പി.എം സഹയാത്രികനും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീൽ എം.എൽ.എ വധഭീഷണി മുഴക്കിയെന്ന വ്യാജ പ്രചാരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇന്ന് രാവിലെ ഡോ. കെ.ടി ജലീൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഉയർത്തിക്കാട്ടിയാണ് സുരേന്ദ്രന്റെ പ്രചാരണം. റബറിന് 300 രൂപ ആക്കിയാൽ കേരളത്തിൽനിന്ന് ബി.ജെ.പിക്ക് എം.പിയെ സമ്മാനിക്കാമെന്ന് കഴിഞ്ഞ ദിവസം ആർച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി 30 വെള്ളിക്കാശിന്റെ മോഡി കാലത്തെ മൂല്യമാണോ 300 രൂപ, ബി.ജെ.പി നൽകുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ? എന്നുമായിരുന്നു ജലീലിന്റെ പോസ്റ്റ്. ഇത് ദുർവ്യാഖ്യാനം ചെയ്താണ് ആർച്ച് ബിഷപ്പിന് എതിരെ ജലീൽ വധഭീഷണി മുഴക്കിയെന്ന് സുരേന്ദ്രൻ ആരോപിക്കുന്നത്. മുൻ സിമി നേതാവ് കൂടിയായ ജലീലിനെതിരെ കേരള പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അറസ്റ്റ് ജയിലിൽ അടക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നു. രാജ്യത്തുടനീളം നടക്കുന്ന ന്യൂനപക്ഷ വേട്ട ആർച്ച് ബിഷപ്പിനെ ഓർമ്മിപ്പിച്ചാണ് ജലീൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. സംഘ്പരിവാറിന്റെ ആക്രമണത്തിൽ രാജ്യത്തുടനീളം നിരവധി ക്രിസ്ത്യൻ വിശ്വാസികളടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചുള്ള വരികൾ പക്ഷെ, ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണ് സുരേന്ദ്രൻ ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ആലക്കോട് നടന്ന കത്തോലിക്ക കോൺഗ്രസ് റാലിയിലാണ് ബിഷപ്പ് ബി.ജെ.പിക്ക് വോട്ട് വാഗ്ദാനം നൽകി പ്രസ്താവന നടത്തിയത്. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിൽ സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പ് വിവാദ പരാമർശം നടത്തിയത്. റബറിന് വിലയില്ല. വിലത്തകർച്ചയിലാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തെരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കാം. നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽനിന്ന് റബർ എടുക്കുക. നിങ്ങൾക്ക് ഒരു എം.പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം'- എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.
ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ അദ്ദേഹം വിശദീകരണവും നൽകി. താൻ പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണെന്നും സഭയും ബി.ജെ.പിയും തമ്മിലുള്ള സഖ്യമായി ഇതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും വിശദീകരിച്ചു. കർഷകരുടെ കൂടിയാലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. അവരുടെ പൊതുവികാരം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബി.ജെ.പി നേതാക്കളുടെ വെളിപ്പെടുത്തലോടെ ബിഷപ്പുമായുള്ള ചർച്ചക്ക് ശേഷമാണ് ഇത്തരമൊരു പ്രസ്താവന പാംപ്ലാനി നടത്തിയതെന്ന് വേണം കരുതാൻ. സഭാ നേതാക്കൾ ഭൂരിഭാഗവും ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ ക്രിസ്ത്യൻ മതവിഭാഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള നീക്കം ബി.ജെ.പി നേതൃത്വം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് തലശ്ശേരി ബിഷപ്പിനെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചത്.
കർഷകരുടെ പക്ഷം പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ലെന്നും താൻ ഒരു പക്ഷത്തിന്റെയും ആളല്ലെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആവർത്തിച്ചു. ഒരു രാഷട്രീയ പാർട്ടിയുമായും ബന്ധമില്ല. തനിക്ക് ഒരു പക്ഷമേയുള്ളൂവെന്നും അത് കർഷകപക്ഷമാണെന്നും പാംപ്ലാനി പറഞ്ഞു. റബർ വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു പാംപ്ലാനി. മലയോര കർഷകരുടെ പ്രശ്നമാണ് പറഞ്ഞത്. ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആവശ്യമായ സമയത്ത് ക്രിസ്തീയ സഭ സർക്കാരുമായി ചർച്ച നടത്തും. നിലവിൽ മലയോര കർഷകർ നേരിടുന്ന വലിയൊരു പ്രശ്നമാണ് താൻ ഉന്നയിച്ചത്.
ബിഷപ്പ് ഹൗസ് 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണ്. അവിടെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വരാറുണ്ട്. ബി.ജെ.പി നേതാക്കൾ തന്നെ കാണാൻ വന്നിട്ടില്ല. ന്യൂനപക്ഷ സെൽ പ്രവർത്തകരാണ് വന്നത്. ഇതിന്റെ പേരിൽ താൻ ബി.ജെ.പിയിൽ ചേരാൻ പോകുന്നുവെന്ന് വരുത്തിത്തീർക്കാനാണോ ശ്രമിക്കുന്നത്. വിഷയം ബി.ജെ.പി മുതലെടുക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ മറ്റ് രാഷ്ട്രീയ കക്ഷികളാണ്. ബി.ജെ.പി വെക്കുന്ന എല്ലാ കല്ലിലും തേങ്ങ എറിയാൻ തങ്ങളെ കിട്ടില്ലെന്നും പറഞ്ഞതിൽനിന്ന് പിറകോട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.