മലപ്പുറം- ബോഡി ബിൽഡർക്ക് ശരീരം പുഷ്ടിപ്പെടുത്താൻ പരിശീലകൻ പന്തയക്കുതിരക്ക് നൽകുന്ന മരുന്ന് നൽകിയതായി പരാതി. നിരോധിത മരുന്ന് ഉൾപ്പെടെയുള്ളവയാണ് ബോഡി ബിൽഡർക്ക് നൽകിയത് എന്നാണ് പരാതി. ചങ്ങരംകുളം സ്വദേശി സന്തോഷാണ് തിരൂരിലെ ട്രെയിനറിനെതിരെ പരാതി നൽകിയത്. ശരീരസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള മരുന്നാണെന്ന് പറഞ്ഞായിരുന്നു മരുന്ന് നൽകിയിരുന്നത്. മരുന്നുകൾ കുത്തിവച്ചതിന് പിന്നാലെ പലതരം രോഗങ്ങൾ വന്നതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് തിരൂർ ഡിവൈ.എസ്.പി.ക്ക് പരാതി നൽകി.
ഗൾഫിൽ ട്രെയിനറായി ജോലി നോക്കുന്നതിന് വേണ്ടിയാണ് ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനായി പരിശീലകന്റെ അടുത്ത് ചെന്നത്. ട്രെയിനർ പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചെന്നും പരാതിയിൽ പറയുന്നു. സ്തനാർബുദത്തിനും ആസ്തമക്കുമുള്ള മരുന്നും ഇതിലുണ്ട്. ഹൃദയാഘാതം ഉണ്ടായാൽ നെഞ്ചിടിപ്പ് കുറയ്ക്കാനുള്ള മരുന്ന്, നീർവീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോർമോൺ തെറാപ്പിക്കുള്ള മരുന്ന്, പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാൻ നൽകുന്ന ബോൾഡിനോൾ എന്നിവയാണ് ട്രെയിനർ നൽകിയത്.